'എന്നെ ലഖ്‌നൗ ടീമിലേക്ക് വിളിച്ചിരുന്നു, മനസ് മാറ്റിയത് ആശിഷ് നെഹ്‌റ'- വെളിപ്പെടുത്തി ഹര്‍ദിക്

കഴിഞ്ഞ സീസണിലാണ് രണ്ട് പുതിയ ടീമുകളായി ലഖ്‌നൗവും ഗുജറാത്തും ഐപിഎല്ലിലേക്ക് വരുന്നത്. ലഖ്‌നൗ രാഹുലിനേയും ഗുജറാത്ത് ഹര്‍ദികിനെയും നായകന്‍മാരായും അവരോധിച്ചു
നെഹ്റയും ഹർ​ദികും/ ട്വിറ്റർ
നെഹ്റയും ഹർ​ദികും/ ട്വിറ്റർ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സില്‍ ചേരുന്നതിന് മുന്‍പ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തന്നെ ടീമിലേക്ക് വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. കെഎല്‍ രാഹുലുമായുള്ള സൗഹൃദമുള്ളതിനാല്‍ താന്‍ ലഖ്‌നൗവില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഹര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. 

കഴിഞ്ഞ സീസണിലാണ് രണ്ട് പുതിയ ടീമുകളായി ലഖ്‌നൗവും ഗുജറാത്തും ഐപിഎല്ലിലേക്ക് വരുന്നത്. ലഖ്‌നൗ രാഹുലിനേയും ഗുജറാത്ത് ഹര്‍ദികിനെയും നായകന്‍മാരായും അവരോധിച്ചു. ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് കപ്പും സ്വന്തമാക്കി. 

'ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് അടക്കമുള്ള ടീമുകളില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. എന്നെ അറിയുന്ന ഒരു വ്യക്തിക്ക് കീഴില്‍ കളിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യം. കെഎല്‍ രാഹുലാണ് ലഖ്‌നൗവിന്റെ നായകനാണെന്ന് എനിക്ക് അറിയാമായിരുന്നു. രാഹുല്‍ എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ടു തന്നെ ലഖ്‌നൗവില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു.' 

'ഗുജറാത്ത് നായകനായി ടീമിനൊപ്പം ചേരണമെന്ന് പരിശീലകന്‍ ആശിഷ് നെഹ്‌റ ആവശ്യപ്പെട്ടു. ഇതോടെയാണ് ഞാന്‍ ഗുജറാത്തിനൊപ്പം ചേര്‍ന്നത്. അദ്ദേഹം ഈ പ്ലാനുമായി എന്നെ സമീപിച്ചിരുന്നില്ലെങ്കില്‍ ലഖ്‌നൗ ടീമില്‍ ഞാനമുണ്ടാകുമായിരുന്നു.' 

'പുതിയ ടീമുകള്‍ വരുന്ന അവസരത്തിലാണ് അഷു പാ (ആശിഷ് നെഹ്‌റ) എന്നെ ബന്ധപ്പെടുന്നത്. ഞാന്‍ പരിശീലകനാകാന്‍ പോകുകയാണെന്നും നിന്നെ കണ്ടാണ് ഈ സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഷു പായുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഞാന്‍ ടീമില്‍ ചേരാന്‍ തീരുമാനിച്ചത്. കാരണം ഞങ്ങള്‍ക്ക് പരസ്പരം നല്ലവണ്ണം അറിയാം. എന്നെ ശരിക്കും മനസിലാക്കിയ ആളാണ് അദ്ദേഹമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്'- ഹര്‍ദിക് പറഞ്ഞു.

അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് അമ്പരപ്പിച്ചതായും ഹര്‍ദിക് പറയുന്നു. 

'ഒരിക്കലും പ്രതീക്ഷിച്ചതല്ല നായക സ്ഥാനം. അതിന് പിന്നാലെ പോയിട്ടുമില്ല. ആരായാലും കുഴപ്പമില്ലെന്ന മനോഭാവമായിരുന്നു. എന്നാല്‍ അഷു പായുടെ തീരുമാനമാണ് എന്റെ മനസ് മാറ്റിയത്'- പാണ്ഡ്യ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com