ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആര്‍സിബി- ചെന്നൈ നാട്ടങ്കം; ജിയോ സിനിമയില്‍ ഒരേസമയം കണ്ടത് 2.4 കോടി ആളുകള്‍! സര്‍വകാല റെക്കോര്‍ഡ്

ഐപിഎല്ലില്‍ നേരത്തെ നിരവധി സീസണുകളില്‍ സംപ്രേഷണാവകാശമുണ്ടായിരുന്നു സിഡ്‌നി ഹോട് സ്റ്റാറിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ ജിയോക്കുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു

ബംഗളൂരു: വ്യൂവര്‍ഷിപ്പില്‍ റെക്കോര്‍ഡിട്ട് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിങ്‌സ് ദക്ഷിണേന്ത്യന്‍ ഡെര്‍ബി. ജിയോ സിനിമയില്‍ മത്സരം ഒരേ സമയം കണ്ടത് 2.4 കോടി ആളുകള്‍! രണ്ടാം ഇന്നിങ്‌സിന്റെ അവസാന ഓവറായപ്പോഴേക്കും മത്സരം ലൈവായി വീക്ഷിക്കുന്നവരുടെ എണ്ണം 2.4 കോടി തൊട്ടതായി ജിയോ അധികൃതര്‍ അവകാശപ്പെട്ടു. 

ഐപിഎല്ലില്‍ നേരത്തെ നിരവധി സീസണുകളില്‍ സംപ്രേഷണാവകാശമുണ്ടായിരുന്നു സിഡ്‌നി ഹോട് സ്റ്റാറിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ ജിയോക്കുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഐപിഎല്‍ തുടങ്ങിയതിന് ശേഷം നിരവധി പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. 2019ലെ ഐപിഎല്‍ ഫൈനല്‍ കണ്ടത് 1.86 കോടി ജനങ്ങളാണ്. ഇതായിരുന്നു റെക്കോര്‍ഡ്. ആ നേട്ടമാണ് തകര്‍ന്നത്. 

ജിയോ സിനിമ സൗജന്യമായതാണ് ഇത്രയും കാഴ്ചക്കാരെ നേടാന്‍ കാരണം. ജിയോ സിം ഉപയോഗിക്കുന്നവര്‍ക്കും ഒപ്പം തന്നെ മറ്റു സിം ഉപയോഗിക്കുന്നവര്‍ക്കും ജിയോ സിനിമയിലൂടെ കളികാണാനുള്ള അവസരവുമുണ്ട്. ഇതോടെയാണ് കാണികളുടെ എണ്ണം റെക്കോര്‍ഡ് നേട്ടം തൊട്ടത്. സമീപ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനും ജിയോ സിനിമ തന്നെ. 

ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ അത്യന്തം ആവേശം നിറഞ്ഞതായിരുന്നു ബാംഗ്ലൂര്‍- ചെന്നൈ മത്സരം. റണ്ണൊഴുക്കു കണ്ട മത്സരത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്ത ചെന്നൈക്കെതിരെ ബാംഗ്ലൂരിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സില്‍ അവസാനിച്ചു.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്‌സ്‌വെലും തകര്‍ത്തടിച്ചിട്ടും ആര്‍സിബിക്ക് വിജയിക്കാന്‍ സാധിക്കാതെ പോയി. 36 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെലാണ് ടോപ് സ്‌കോറര്‍. ഡുപ്ലെസിയും അര്‍ധ സെഞ്ച്വറി നേടി. 33 പന്തുകള്‍ നേരിട്ട ഫാഫ് ഡുപ്ലെസി 62 റണ്‍സെടുത്തു. ഡുപ്ലെസി 23 പന്തിലും മാക്‌സ്‌വെല്‍ 24 പന്തിലും അര്‍ധ ശതകത്തിലെത്തി. എട്ട് സിക്‌സും മൂന്ന് ഫോറും മാക്‌സ്‌വെല്‍ പറത്തി. ഡുപ്ലെസി നാല് സിക്‌സും അഞ്ച് ഫോറും നേടി. 

ചെന്നൈ നിരയില്‍ ഡെവോണ്‍ കോണ്‍വെ 45 പന്തുകളില്‍ നിന്ന് 83 റണ്‍സെടുത്തു. ആറ് വീതം സിക്‌സുകളും ഫോറുകളുമാണ് കോണ്‍വെ അതിര്‍ത്തി കടത്തിയത്. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശിവം ഡുബെ 27 പന്തില്‍ 52 റണ്‍സെടുത്തു പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി ഡുബെ വെടിക്കെട്ട് തീര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com