

ചെന്നൈ: സജീവ ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന സൂചനകൾ നൽകി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച മുൻ ഇന്ത്യൻ നായകൻ നിലവിൽ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഐപിഎൽ അടക്കമുള്ളവയിൽ നിന്നു വിരമിക്കുമെന്ന സൂചനയാണ് അദ്ദേഹം ഇപ്പോൾ നൽകുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലാണ് താനെന്ന് അദ്ദേഹം പറയുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഹോം പോരാട്ടം വിജയിച്ച ശേഷമായിരുന്നു ധോനിയുടെ പ്രതികരണം.
'ഞാൻ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകർക്ക് ടീം സ്വന്തം ഗ്രൗണ്ടിൽ വിജയിക്കുന്നത് കാണാൻ കഴിഞ്ഞു. ടീമിന്റെ വിജയം അവരെ ആനന്ദിപ്പിക്കുന്നു. ആരാധകർ ടീമിന് സ്നേഹവും വാത്സല്യവും നൽകുന്നു.'
'ബാറ്റിങിന് അവസരം ലഭിച്ചില്ല എന്നത് എന്നെ സംബന്ധിച്ച് വലിയ വിഷയമൊന്നുമല്ല. മഞ്ഞു വീഴ്ചയുണ്ടാകുമോ എന്ന സംശയത്തിൽ രണ്ടാമത് ബാറ്റ് ചെയ്യാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് നല്ലത്.'
'സ്പിന്നർമാർ മികച്ച ലെങ്തിൽ പന്തെറിഞ്ഞു. പേസർമാരിൽ മതീഷ പതിരന ഉജ്ജ്വലമായി ബൗൾ ചെയ്തു'- ധോനി വ്യക്തമാക്കി.
സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം സ്വന്തമാക്കിയത്. ആറ് കളികളിൽ നിന്ന് നാല് വിജയവുമായി അവർ മൂന്നാം സ്ഥാനത്താണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തപ്പോൾ ചെന്നൈ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 138 റൺസെടുത്താണ് വിജയിച്ചത്. 57 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 77 റൺസ് വാരി പുറത്താകാതെ നിന്ന ഓപ്പണർ ഡെവോൺ കോൺവെയുടെ തകർപ്പൻ ബാറ്റിങാണ് ഹോം ഗ്രൗണ്ടിൽ ചെന്നൈ വിജയം അനായാസമാക്കിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് 30 പന്തിൽ 35 റൺസെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates