തകർപ്പൻ ജയം; 'പച്ച' പിടിച്ച് ആർസിബി; ആവേശപ്പോരിൽ രാജസ്ഥാനെ വീഴ്ത്തി

ഗ്ലെൻ മാക്സ്‌വെൽ, ഫാഫ് ഡുപ്ലെസി എന്നിവരുടെ അർധ സെഞ്ച്വറികളുടെ മികവിലാണ് ബാം​ഗ്ലൂർ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ബം​ഗളൂരു: ഐപിഎല്ലിൽ ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ. ഏഴ് റൺസിന്റെ വിജയമാണ് സ്വന്തം തട്ടകത്തിൽ ആർസിബി നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ബോർഡിൽ ചേർത്തത്. രാജസ്ഥാന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസിൽ അവസാനിച്ചു. 

അവസാന ഓവറിൽ രാജസ്ഥാന് 20 റൺസായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ഹർഷൽ പട്ടേൽ എറിഞ്ഞ ഈ ഓവറിൽ ആർ അശ്വിൻ മൂന്ന് പന്തിൽ പത്ത് റൺസ് നേടി. നാലാം പന്തിൽ അശ്വിൻ പുറത്ത്. അഞ്ചും ആറും പന്തുകളിൽ ഓരോ റൺസേ രാജസ്ഥാന് സ്വന്തമാക്കാനായുള്ളു. 

16 പന്തിൽ രണ്ട് വീതം സിക്സും ഫോറും സഹിതം 34 റൺസുമായി ധ്രുവ് ജുറേൽ തിളങ്ങിയെങ്കിലും അന്തിമ വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ സാധിച്ചില്ല. ധ്രുവ് ജുറേലിനൊപ്പം അബ്ദുൽ ബാസിത് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

190 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ജോസ് ബട്ലറെ നഷ്ടമായി. റണ്ണെടുക്കാതെ ബട്ലർ മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ യശസ്വി ജയ്സ്വാൾ- ദേവ്ദത്ത് പടിക്കൽ സഖ്യം രാജസ്ഥാനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 98 റൺസിൽ ബോർഡിൽ ചേർത്താണ് പിരിഞ്ഞത്. 

12ാം ഓവറിന്റെ നാലാം പന്തിൽ പടിക്കലിനെ മടക്കി ഡേവിഡ് വില്ലി ആർസിബിയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 34 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം പടിക്കൽ 52 റൺസെടുത്തു. 

പിന്നാലെ യശസ്വിയും മടങ്ങി. താരം 37 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 47 റൺസാണ് കണ്ടെത്തിയത്. 

ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച രീതിയിൽ തുങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. 15 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 22 റൺസുമായി മടങ്ങി. ഷിമ്രോൺ ഹെറ്റ്മെയർക്ക് തിളങ്ങാനായില്ല. താരം മൂന്ന് റൺസുമായി മടങ്ങി. 

ആർസിബിക്കായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മുഹമ്മദ് സിറാജ്, ഡേവിഡ് വില്ലി എന്നിവർ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി രാജസ്ഥാൻ ആർസിബിയെ ബാറ്റിങിന് വിടുകയായിരുന്നു. ഗ്ലെൻ മാക്സ്‌വെൽ, ഫാഫ് ഡുപ്ലെസി എന്നിവരുടെ അർധ സെഞ്ച്വറികളുടെ മികവിലാണ് ബാം​ഗ്ലൂർ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മറ്റൊരാളും കാര്യമായ സംഭാവന നൽകിയില്ല. 13 പന്തിൽ 16 റൺസെടുത്ത ദിനേഷ് കാർത്തികാണ് രണ്ടക്കം കടന്ന മറ്റൊരാൾ. 

മാക്സ്‌വെലാണ് ടോപ് സ്കോറർ. താരം 44 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 77 റൺസ് അടിച്ചു. ഡുപ്ലെസി 39 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 62 റൺസും കണ്ടെത്തി. 

പച്ച ജേഴ്സിയിൽ കളിക്കാനിറങ്ങിയ ബാം​ഗ്ലൂരിന്റെ തുടക്കം മോശമായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കി ട്രെന്റ് ബോൾട്ട് ആർസിബിയെ ഞെട്ടിച്ചു. കോഹ്‌ലി ​ഗോൾഡൻ ഡെക്കായി മടങ്ങിയതിന്റെ ഞെട്ടലിൽ നിൽക്കെ അവർക്ക് വീണ്ടും പ്രഹരമേറ്റു. സ്കോർ 12ൽ നിൽക്കെ വൺഡ‍ൗണായി ഇറങ്ങിയ ഷഹബാസ് അഹമ്മദും പുറത്ത്. താരം രണ്ട് റണ്ണുമായി മടങ്ങി. ഷഹബാസിനേയും ബോൾട്ട് മടക്കി. 

എന്നാൽ പിന്നീട് കളിയുടെ കടിഞ്ഞാൺ ബാം​ഗ്ലൂർ ഏറ്റെടുത്തു. ഓപ്പണർ ഡുപ്ലെസിക്ക് കൂട്ടായി നാലാമനായി ​ഗ്ലെൻ മാക്സ്‌വെൽ എത്തിയതോടെ ആർസിബിയുടെ സ്കോർ കുതിച്ചു. രാജസ്ഥാൻ ബൗളിങിനെ ഇരുവരും കടന്നാക്രമിച്ചതോടെ ബാം​ഗ്ലൂർ 200 കടക്കമെന്ന് തോന്നിച്ചു. 

ഇരുവരും പുറത്തായതോടെ ആർസിബി അതിവേ​ഗം കീഴടങ്ങുന്ന കാഴ്ചയായിരുന്നു. രാജസ്ഥാൻ ബൗളർമാരും ഫീൽഡർമാരും കൈമെയ് മറന്ന് കളം നിറഞ്ഞതോടെ ബാം​ഗ്ലൂരിന് കടിഞ്ഞാൺ വീണു. ബാം​ഗ്ലൂരിന്റെ മൂന്ന് താരങ്ങൾ റണ്ണൗട്ടായി. 

രാജസ്ഥാൻ നിരയിൽ ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com