

മുംബൈ: എത്ര തലമുറകള്‍ മാറിയാലും ഇന്ത്യയില്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിനാണ്. ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ 50ാം വയസിലെത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്- 25 വര്‍ഷത്തെ അനുഭവമുള്ള 25കാരന്‍. അതു സത്യമാണെന്ന് ഒരുവേള ആരാധകരും ചിന്തിക്കും. തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദം മാത്രമാണ് ഉള്ളതെന്ന് സച്ചിന്‍ പറയുന്നു. പത്താം വയസ് മുതല്‍ സ്വപ്നങ്ങളെ പിന്തുടരാന്‍ തുടങ്ങിയ താന്‍ ഇന്ത്യക്ക് വേണ്ടി 24 വര്‍ഷം കളിച്ചതു തന്നെ വലിയ ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ഈ യാത്ര വളരെ മനോഹരമാണ്. പരാതിയോ ദുഃഖങ്ങളോ ഒന്നും എനിക്കില്ല. 50 വയസ് തികഞ്ഞു എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. 25 വര്‍ഷത്തെ അനുഭവമുള്ള 25കാരന്‍ എന്നാണ് തോന്നല്‍. അങ്ങനെ പറയുന്നതാണ് നല്ലത്. പത്താം വയസില്‍ ഞാന്‍ സ്വപ്‌നങ്ങളെ പിന്തുടരാന്‍ തുടങ്ങിയതാണ്. 24 വര്‍ഷം രാജ്യത്തിനായി കളിക്കാന്‍ സാധിച്ചു എന്നതു തന്നെ വലിയ ആദരവാണ്. അതായിരുന്നു എനിക്ക് ജീവിതത്തില്‍ വേണ്ടിയിരുന്നത്. മറ്റൊന്ന് ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല.'
'50ാം പിറന്നാളാണ്. എന്നാല്‍ വലിയ ആഘോഷങ്ങളൊന്നും താത്പര്യമില്ല. അടുത്ത കുറച്ചു സുഹൃത്തുക്കളെ പങ്കെടുപ്പിച്ച് ചെറിയ ആഘോഷം. അത്രമാത്രമാണ് ഇത്തവണ.'
'ക്രിക്കറ്റ് കഴിഞ്ഞാല്‍ പ്രാധാന്യം കുടുംബത്തിനാണ്. ഒപ്പം സുഹൃത്തുക്കള്‍ക്കും. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം അവര്‍ക്കൊപ്പമാണ്. മുന്‍പ് എന്റെ കുഞ്ഞുങ്ങളുടെ പിറന്നാളടക്കം പലതും എനിക്ക് നഷ്ടമായിരുന്നു'- സച്ചിന്‍ വ്യക്തമാക്കി.
50ാം പിറന്നാള്‍ ദിനത്തില്‍ ഓസ്‌ട്രേലിയ സച്ചിനെ ആദരിച്ചു. ഇതിഹാസ താരത്തിന് ആദരം അര്‍പ്പിച്ച് ഗേറ്റിന് സച്ചിന്റെ പേര് നല്‍കി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സച്ചിന്‍ അഞ്ച് ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 157 ശരാശരിയോടെ 785 റണ്‍സാണ് ഈ ഗ്രൗണ്ടില്‍ വച്ച് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഇതില്‍ സച്ചിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകളില്‍ ഒന്നായ 241ഉം ഉള്‍പ്പെടുന്നു.
ഇനി മുതല്‍ എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ലാറ- ടെണ്ടുല്‍ക്കര്‍ ഗേറ്റിലൂടെ മാത്രമേ കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിക്കൂ എന്ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതര്‍ പറഞ്ഞു. ലാറ- ടെണ്ടുല്‍ക്കര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates