ബംഗളൂരുവിന് വീണ്ടും ഫൈനല്‍ നിരാശ; സൂപ്പര്‍ കപ്പ് ഒഡിഷയ്ക്ക് സ്വന്തം

തുടക്കത്തില്‍ ഇരു ടീമുകളും വലിയ ആവേശമില്ലാതെയാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് കളി ചൂടുപിടിച്ചു. ഒഡിഷയാണ് ആക്രമണത്തിന് തുടക്കമിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോഴിക്കോട്: സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ഒഡിഷ എഫ്‌സി. ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ഒരു കിരീടത്തില്‍ മുത്തമിട്ടത്. ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍ കപ്പിന്റെ ഫൈനലിലും ബംഗളൂരു എഫ്‌സിക്ക് കാലിടറി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ വിജയിച്ചത്. അപരാജിത മുന്നേറ്റത്തോടെയാണ് ഒഡിഡയുടെ കിരീടത്തിലെ മുത്തം. 

ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളുകളാണ് ഒഡിഷയുടെ ജയം അനായാസമാക്കിയത്. ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി നേടി. മധ്യനിര താരം ജാവിയര്‍ ഹെര്‍ണാണ്ടസ് പരിക്കേറ്റ് പുറത്തായതും സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയുടെ മോശം ഫോമും ബംഗളൂരുവിന്റെ മുന്നേറ്റത്തെ ബാധിച്ചു. 

തുടക്കത്തില്‍ ഇരു ടീമുകളും വലിയ ആവേശമില്ലാതെയാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് കളി ചൂടുപിടിച്ചു. ഒഡിഷയാണ് ആക്രമണത്തിന് തുടക്കമിട്ടത്. 

23ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ബോക്‌സിന് പുറത്തു നിന്നു ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി മൗറീഷ്യോ ടീമിന് ലീഡൊരുക്കി. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ അബദ്ധമാണ് ഗോളായി കലാശിച്ചത്. ഷോട്ട് പിടിച്ചെടുക്കാന്‍ ഗുര്‍പ്രീതിന്റെ ശ്രമം പാളി. താരത്തിന്റെ കൈയില്‍ നിന്നു പന്ത് വഴുതി വലയിലേക്ക്. 

ഗോള്‍ വഴങ്ങിയതോടെ ബംഗളൂരു പ്രത്യാക്രമണവും കടുപ്പിച്ചു. 29ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഗോളിനടുത്തെത്തിയെങ്കിലും വിജയിച്ചില്ല. 

38ാം മിനിറ്റില്‍ ബംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷ് വീണ്ടും വല ചലിപ്പിച്ചു. വിക്ടര്‍ റോഡ്രിഗസ് ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്ന് ജെറി തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റിന് അരികില്‍ നിന്ന മൗറീഷ്യോ ടാപ് ചെയ്ത് വലയിലാക്കി. 

രണ്ടാം പകുതിയില്‍ തുടരെ ആക്രമണം അഴിച്ചുവിടാന്‍ ബംഗളൂരുവിന് സാധിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. 83ാം മിനിറ്റില്‍ ശിവശക്തിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ബംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. പിന്നാലെ സമനിലയ്ക്കായി അവര്‍ ആഞ്ഞു ശ്രമിച്ചെങ്കിലും ഒഡിഷ പ്രതിരോധം കടുകട്ടിയായി നിന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com