അതിവേഗം 50 വിക്കറ്റുകള്‍;  71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ലങ്കന്‍ സ്പിന്നര്‍ ജയസൂര്യ

1951ല്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ആല്‍ഫ്രെഡ് ലൂയിസ് വാലന്റൈന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ലങ്കന്‍ താരം പഴങ്കഥയാക്കിയത്
പ്രബാത് ജയസൂര്യ/ ട്വിറ്റർ
പ്രബാത് ജയസൂര്യ/ ട്വിറ്റർ

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന സ്പിന്നര്‍ എന്ന റെക്കോര്‍ഡ് ഇനി ശ്രീലങ്കന്‍ താരം പ്രബാത് ജയസൂര്യക്ക്. അയര്‍ലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇടം കൈയന്‍ സ്പിന്നര്‍ നേട്ടം സ്വന്തമാക്കിയത്. കരിയറിലെ ഏഴാം ടെസ്റ്റ് മത്സരത്തിലാണ് താരം നേട്ടം തൊട്ടത്. 

71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ജയസൂര്യ തിരുത്തിയത്. 1951ല്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ആല്‍ഫ്രെഡ് ലൂയിസ് വാലന്റൈന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ലങ്കന്‍ താരം പഴങ്കഥയാക്കിയത്. എട്ട് ടെസ്റ്റുകളില്‍ നിന്നാണ് ആല്‍ഫ്രെഡ് 50 വിക്കറ്റുകള്‍ നേടിയത്. 

ബൗളര്‍മാരുടെ മൊത്തം പട്ടികയില്‍ ജയസൂര്യ രണ്ടാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയന്‍ പേസര്‍ ചാര്‍ലി ടര്‍ണറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1888ല്‍ ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ നേടാന്‍ ചാര്‍ലിക്ക് സാധിച്ചു. ഇംഗ്ലണ്ട് താരം ടോം റിച്ചാര്‍ഡ്‌സന്‍ 1896ലും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍ 2012ലും ഏഴ് ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏഴ് ടെസ്റ്റും 11 ഇന്നിങ്‌സുകളും കളിച്ചാണ് ജയസൂര്യയുടെ നേട്ടം. ഫിലാന്‍ഡര്‍ 13 ഇന്നിങ്‌സും ടോം റിച്ചാര്‍ഡ്‌സന്‍ 14 ഇന്നിങ്‌സും കളിച്ചാണ് നേട്ടത്തിലെത്തിയത്. 

അയര്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ പന്തെറിയാനെത്തുമ്പോള്‍ ജയസൂര്യ 43 വിക്കറ്റുകള്‍ നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ നേടി നേട്ടം 48ല്‍ എത്തിച്ചു. രണ്ടാം ഇന്നിങ്‌സില്‍ പീറ്റര്‍ മൂര്‍, പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ കൂടി മടക്കിയാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com