

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് താരങ്ങൾ ജന്തർ മന്ദറിൽ സമരം തുടരുകയാണ്. പ്രതിഷേധം ശക്തമായി തുടരുമ്പോഴും അതിനെപ്പറ്റി നിശബ്ദത പാലിക്കുന്ന ക്രിക്കറ്റ് താരങ്ങളെ വിമർശിച്ച് സമരം ചെയ്യുന്ന താരങ്ങളിലൊരാളായ വിനേഷ് ഫോഗട്ട്.
അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് വിനേഷിനൊപ്പം ബജ്റംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങളും സമരത്തിലാണ്. അതിനിടെയാണ് വിനേഷ് ഇന്ത്യൻ താരങ്ങൾ മിണ്ടാതിരിക്കുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
'ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ താരങ്ങൾ മെഡൽ നേടുമ്പോൾ പ്രതികരിക്കാറുള്ള ക്രിക്കറ്റ് താരങ്ങൾ ഒരു പ്രശ്നം വന്നപ്പോൾ എന്താണു മിണ്ടാത്തത്. രാജ്യമാകെ ക്രിക്കറ്റിനെ ആരാധിക്കുന്നുണ്ട്. എന്നാൽ ഒരു ക്രിക്കറ്റ് താരവും ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. ഞങ്ങളെ അനുകൂലിച്ച് പറയണമെന്നില്ല. ചുരുങ്ങിയത് നിഷ്പക്ഷമായെങ്കിലും എന്തെങ്കിലും പറയു.'
'ബ്ലാക് ലിവ്സ് മാറ്റർ പ്രക്ഷോഭം അമേരിക്കയിൽ ഉയർന്നുവന്നപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങൾ അവരെ പിന്തുണച്ചു. അതുപോലൊരു പിന്തുണ ഞങ്ങളും അർഹിക്കുന്നില്ലേ. ക്രിക്കറ്റർമാരെ നിങ്ങളെ എന്താണ് ഭയപ്പെടുത്തുന്നത്. സ്പോൺസർഷിപ്പ് പ്രശ്നങ്ങളാണ് ഈ നിശബ്ദതയ്ക്ക് പിന്നിലെന്ന് ഞങ്ങൾക്കറിയാം.'
'ഇതെല്ലാം വളരെയേറെ വേദനയുണ്ടാക്കുന്ന കാര്യമാണ്. നിങ്ങൾ ഭരണകൂടത്തെ ഭയക്കുന്നുണ്ടോ. ഗുസ്തി താരങ്ങൾ ശരിയായ രീതിയിലല്ല ചിന്തിക്കുന്നത് എന്നാണ് ആളുകൾ പറയുന്നത്. പക്ഷേ അങ്ങനെയല്ല. എല്ലാം ശരിയായ രീതിയിലാണ് നടക്കുന്നത്. മറ്റ് അത്‌ലറ്റുകളുടെ മനോഭാവം എന്താണെന്ന് അറിയേണ്ടതുണ്ട്. ഇന്ന് പിന്തുണക്കാത്തവർ നാളെ ഞങ്ങൾ മെഡൽ വാങ്ങുമ്പോൾ ഞങ്ങൾക്കൊപ്പം നിൽക്കേണ്ടതില്ല'- വിനേഷ് തുറന്നടിച്ചു.
അതിനിടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര രംഗത്തെത്തി. ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. താരങ്ങൾ നീതിക്കു വേണ്ടി തെരുവിൽ സമരം ചെയ്യുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവർ. അത്‌ലറ്റ് ആയാലും അല്ലെങ്കിലും ഓരോ വ്യക്തിയുടേയും അന്തസ് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നീരജ് വ്യക്തമാക്കി. ഗുസ്തി താരം ഗീത ഫോഗട്ടും താരങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
