165 റണ്‍സ്! റെക്കോര്‍ഡിനൊപ്പം ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍- ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യം

യശസ്വി 51 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ 47 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. ഐപിഎല്ലിനു ശേഷം ഇന്ത്യക്കായി കാര്യമായി തിളങ്ങാന്‍ ശുഭ്മാന്‍ ഗില്ലിനു സാധിച്ചിരുന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ വിജയിച്ച് ഇന്ത്യ പരമ്പരയിലേക്ക് ഉജ്ജ്വലമായി തിരിച്ചു വന്നത് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍- ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍. റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടു പടുത്തുയര്‍ത്തിയാണ് ഇരുവരും ചേര്‍ന്നു ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പെന്ന റെക്കോര്‍ഡിനൊപ്പമാണ് സഖ്യം എത്തിയത്. 

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ച യശസ്വി- ഗില്‍ സഖ്യം 165 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് റെക്കോര്‍ഡിനൊപ്പമെത്തിയത്. ഓപ്പണിങില്‍ ഇതേ സ്‌കോര്‍ കെഎല്‍ രാഹുല്‍- രോഹിത് ശര്‍മ സഖ്യവും പടുത്തുയര്‍ത്തിയിട്ടുണ്ട്. 2017ല്‍ ശ്രീലങ്കക്കെതിരെയാണ് രാഹുല്‍- രോഹിത് സഖ്യം ഓപ്പണിങില്‍ 165 റണ്‍സ് ചേര്‍ത്തത്.  

യശസ്വി 51 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ 47 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. ഐപിഎല്ലിനു ശേഷം ഇന്ത്യക്കായി കാര്യമായി തിളങ്ങാന്‍ ശുഭ്മാന്‍ ഗില്ലിനു സാധിച്ചിരുന്നില്ല. താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങി വരവും കൂടിയായി ഇന്നിങ്‌സ്. യശസ്വി 11 ഫോറുകളും മൂന്ന് സിക്‌സും തൂക്കി. ശുഭ്മാന്‍ ഗില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും അടിച്ചെടുത്തു. 

മികച്ച കൂട്ടുകെട്ടിന്റെ റെക്കോര്‍ഡിനൊപ്പം യശസ്വി ജയ്‌സ്വാള്‍ തനിച്ച് മറ്റൊരു നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കായി ടി20യില്‍ അര്‍ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണറായും താരം മാറി. 21 വയസും 227 ദിവസവും കഴിഞ്ഞപ്പോഴാണ് താരം ഫിഫ്റ്റി നേടിയത്. 

ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ ടി20 ഫിഫ്റ്റിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് നായകന്‍ രോഹിത് ശര്‍മയുടെ പേരിലാണ്. 2007ല്‍ 20 വയസും 143 ദിവസവും പിന്നിട്ടപ്പോള്‍ രോഹിത് ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധ ശതകം നേടിയിരുന്നു. 

ടി20യിലെ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ദീപക് ഹൂഡ- സഞ്ജു സാംസണ്‍ സഖ്യത്തിന്റെ പേരിലാണ്. ഇരുവരും ചേര്‍ന്നു അയര്‍ലന്‍ഡിനെതിരെ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ 176 റണ്‍സാണ് റെക്കോര്‍ഡ്. 

അന്താരാഷ്ട്ര ടി20യില്‍ ഏതൊരു വിക്കറ്റിലേയും മികച്ച കൂട്ടുകെട്ട് അഫ്ഗാന്‍സ്ഥാന്‍ താരങ്ങളുടെ പേരിലാണ്. ഉസ്മാന്‍ ഘാനി- ഹസ്രത്തുല്ല സസായ് സഖ്യം അയര്‍ലന്‍ഡിനെതിരെ തന്നെ നേടിയ 236 റണ്‍സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com