

സെന്റ് ലൂസിയ: കരീബിയൻ പ്രീമിയർ ലീഗിന്റെ പുതിയ അധ്യായത്തിനു തുടക്കമായപ്പോൾ ആദ്യ പോര് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ബാർബഡോസ് റോയൽസ്- സെന്റ് ലൂസിയ കിങ്സ് പോരാട്ടമാണ് സീസണിലെ ആദ്യ മത്സരം. ഈ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് താരം റഖിം കോൺവാൾ നേരിട്ട ആദ്യ പന്തിൽ തന്നെ റണ്ണൗട്ടായതാണ് വൈറലായത്.
ഭാരക്കൂടുതൽ കൊണ്ടു ശ്രദ്ധേയനായ താരമാണ് റഖിം കോൺവാൾ. ഈ ഔട്ടിനു പിന്നാലെ താരത്തിനു നേരെ ക്രൂരമായ പരിഹാസവും സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നു.
ഓപ്പണറായി ഇറങ്ങി നേരിട്ട ആദ്യ പന്തിൽ തന്നെ റഖിം സിംഗിളിനു ശ്രമിച്ചു. എന്നാൽ താരത്തിനു ഓടി ക്രീസിലെത്താൻ സാധിച്ചില്ല. അതിനു മുൻപ് തന്നെ ക്രിസ് സോൾ താരത്തെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. ഇതിന്റെ വീഡിയോയാണ് വൈറലായത്.
ബാർബഡോസ് റോയൽസിന്റെ താരമാണ് റഖിം. ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ നിശ്ചിത ഓവറിൽ എടുത്തത് 201 റൺസ്. വിജയം തേടിയിറങ്ങിയ ബാർബഡോസിനു പക്ഷേ ആദ്യ പന്തിൽ തന്നെ റഖിം കോൺവാളിനെ നഷ്ടമായി. പിന്നാലെ വലിയ ചെറുത്തു നിൽപ്പില്ലാതെ മറ്റു താരങ്ങളും കീഴടങ്ങി. അവരുടെ പോരാട്ടം 147 റൺസിൽ അവസാനിച്ചു.
നേരത്തെ തന്റെ ഭാരക്കൂടുതലിനെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഈ ശരീര ഘടന മാറ്റാൻ കഴിയുന്നില്ല. വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റഖിം പറഞ്ഞു. വ്യായാമം മുടങ്ങാതെ ചെയ്യുന്നു, ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നു ഫിറ്റ്നസിനായി ഏറെ സമയം ചെലവഴിക്കുന്നു. എല്ലാവരും ഒരുപോലെ മെലിഞ്ഞിരിക്കില്ലല്ലോ. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ചെയ്യാൻ സാധിക്കുന്ന കാര്യമെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
