'അച്ഛാ ആത്മശാന്തി'- പിതാവ് മരിച്ചത് അറിയാതെ ഓൾ​ഗ കളിച്ചു, വിജയ ​ഗോൾ നേടി സ്പെയിനിനു ലോകകപ്പ് സമ്മാനിച്ചു

മത്സരം കഴിഞ്ഞ ശേഷമാണ് ഓൾ​ഗയോടു അച്ഛന്റെ വിയോ​ഗ വാർത്തയെക്കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഓൾ​ഗയുടെ പിതാവ് മരിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിഡ്നി: വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞ് സ്പെയിൻ താരം ഓൾ​ഗ കർമോന ഇറങ്ങുമ്പോൾ അങ്ങകലെ അവരുടെ അച്ഛൻ ഈ ലോകത്തിൽ നിന്നു വിട പറഞ്ഞിരുന്നു. ഒറ്റ ​ഗോളിനു ഇം​ഗ്ലണ്ടിനെ വീഴ്ത്തി സ്പെയിൻ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് ഉയർത്തിയപ്പോൾ അതിലേക്ക് ടീമിനെ നയിച്ചതും ഓൾ​ഗ നേടിയ ഒറ്റ ​ഗോളായിരുന്നു. 29ാം മിനിറ്റിലാണ് താരം സ്പെയിനിനു വിജയ ​ഗോൾ സമ്മാനിച്ചത്. 

മത്സരം കഴിഞ്ഞ ശേഷമാണ് ഓൾ​ഗയോടു അച്ഛന്റെ വിയോ​ഗ വാർത്തയെക്കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഓൾ​ഗയുടെ പിതാവ് മരിച്ചത്. നിർണായക മത്സരങ്ങൾ കളിക്കേണ്ടതിനാൽ താരത്തെ ഈ വിവരം അറിയിക്കേണ്ടെന്നു കുടുംബം തീരുമാനിക്കുകയായിരുന്നു. കിരീട നേട്ടത്തിനു ശേഷമാണ് ഓൾ​ഗ വിവരമറിഞ്ഞത്. കുറച്ചു നാളുകളായി ഓൾ​ഗയുടെ പിതാവ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. 

'ജീവിതത്തിൽ അമൂല്യമായ കാര്യങ്ങൾ സ്വന്തമാക്കാനുള്ള കരുത്ത് നിങ്ങൾ എനിക്കു നൽകിയിട്ടുണ്ട്. എനിക്കറിയാം ഇപ്പോൾ ഈ രാത്രിയിൽ നിങ്ങൾ എന്നെ നിരീക്ഷിക്കുകയായിരിക്കും. നിങ്ങൾ എന്നെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും. അച്ഛാ ആത്മശാന്തി നേരുന്നു'- മത്സര ശേഷം താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഫൈനലിൽ പരാജയപ്പെട്ട ഇം​ഗ്ലണ്ടും കന്നി ലോകകപ്പ് നേട്ടത്തിനായാണ് ഇറങ്ങിയത്. അവർ ഇനിയും കാത്തിരിക്കണം. 1966ൽ പുരുഷ ടീം ലോകകപ്പ് നേടിയ ശേഷം പിന്നീട് ഇന്നുവരെ ഇം​ഗ്ലണ്ടിനു ഒരു ഫുട്ബോൾ ലോകകപ്പ് കിരീട നേട്ടം അവകാശപ്പെടാനില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com