ഇന്ത്യന്‍ പ്രതീക്ഷകള്‍ നെഞ്ചേറ്റി നീരജ് ചോപ്ര ഇറങ്ങുന്നു; പാക് താരം അര്‍ഷാദ് നദീം പ്രധാന എതിരാളി

യോഗ്യതാ റൗണ്ടില്‍ എ ഗ്രൂപ്പിലാണ് നീരജ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ച മുതലാണ് യോഗ്യതാ റൗണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബുഡാപെസ്റ്റ്: ജാവലിന്‍ ത്രോയിലെ ഒളിംപിക്‌സ് സുവര്‍ണ ജേതാവ് ഇന്ത്യയുടെ നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നു പോരിനിറങ്ങും. കരിയറിലെ ആദ്യ ലോക അത്‌ലറ്റിക്‌സ് സ്വര്‍ണമാണ് നീരജ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് ഗ്രെനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനു മുന്നില്‍ അടിയറവ് വച്ച സ്വര്‍ണം ഇത്തവണ സ്വന്തമാക്കുകയാണ് താരം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം വെള്ളി കൊണ്ടു നീരജ് തൃപ്തിപ്പെട്ടു. 

യോഗ്യതാ റൗണ്ടില്‍ എ ഗ്രൂപ്പിലാണ് നീരജ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ച മുതലാണ് യോഗ്യതാ റൗണ്ട്. ആന്‍ഡേഴ്‌സ് പീറ്റേഴ്‌സനും എ ഗ്രൂപ്പില്‍ മാറ്റുരയ്ക്കും. 83 മീറ്ററാണ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ മറികടക്കേണ്ടത്. തുടക്കത്തില്‍ തന്നെ ഈ ദൂരം പിന്നിട്ട് യോഗ്യത ഉറപ്പിക്കാനായിരിക്കും നീരജ് ശ്രമിക്കുക.

നീരജിനൊപ്പം ഇന്ത്യയുടെ മനു ഡിപി, കിഷോര്‍ ജെന എന്നിവരും മത്സരിക്കുന്നുണ്ട്. മനു ഗ്രൂപ്പ് എയിലും കിഷോര്‍ ഗ്രൂപ്പ് ബിയിലുമാണ് യോഗ്യതാ റൗണ്ട് മത്സരിക്കുന്നത്.

ചിരവൈരിയും പാകിസ്ഥാന്‍ താരവുമായ അര്‍ഷാദ് നദീമാണ് നീരജിന്റെ പ്രധാന എതിരാളി. താരം ബി ഗ്രൂപ്പിലാണ് യോഗ്യതാ പോരിനിറങ്ങുന്നത്. പരിക്കിനെ തുടര്‍ന്നു ഒരു വര്‍ഷമായി കളത്തിലില്ലാത്ത അര്‍ഷാദ് 90 മീറ്റര്‍ കഴിഞ്ഞ വര്‍ഷം താണ്ടിയ താരം കൂടിയാണ്. 90.18 മീറ്റര്‍ ആണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് പാക് താരത്തിന്റെ ഈ നേട്ടം.

ഈ സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച ദൂരം 88.67 മീറ്ററാണ്. ഡയമണ്ട് ലീഗിലാണ് താരം ഈ ദൂരം പിന്നിട്ടത്. 

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡയമണ്ട് ലീഗിലും സ്വര്‍ണം നേടിയ നീരജിന് ലോക അത്‌ലറ്റിക്‌സ് വേദിയിലാണ് ഇനി സുവര്‍ണ നേട്ടം സ്വന്തമാക്കേണ്ടത്. ആ കടമ്പ ഇന്നു കടക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com