ആരാകും നവംബറിലെ താരം; ഐസിസി പുരസ്‌കാര പട്ടികയില്‍ ഷമി, ട്രാവിസ് ഹെഡ്ഡ്, മാക്‌സ്‌വെല്‍

ഇന്ത്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ഷമി പുറത്തെടുത്ത ബൗളിങ് നിര്‍ണായകമായിരുന്നു. വെറും ഏഴ് ഇന്നിങ്‌സ് മാത്രമാണ് താരം ലോകകപ്പില്‍ കളിച്ചത്. വീഴ്ത്തിയത് 24 വിക്കറ്റുകള്‍
മാക്‌സ്‌വെല്‍, ഷമി, ട്രാവിസ് ഹെഡ്ഡ്/ ട്വിറ്റർ
മാക്‌സ്‌വെല്‍, ഷമി, ട്രാവിസ് ഹെഡ്ഡ്/ ട്വിറ്റർ

ദുബൈ: ഐസിസിയുടെ നവംബര്‍ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ഓസ്‌ട്രേലിയന്‍ താരങ്ങളായ ട്രാവിസ് ഹെഡ്ഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍. മൂവര്‍ക്കും ലോകകപ്പിലെ മികച്ച പ്രകടനമാണ് തുണയായത്. ഇവരില്‍ ഒരാളായിരിക്കും നവംബറിലെ മികച്ച താരം. 

മുഹമ്മദ് ഷമി

ഇന്ത്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ഷമി പുറത്തെടുത്ത ബൗളിങ് നിര്‍ണായകമായിരുന്നു. വെറും ഏഴ് ഇന്നിങ്‌സ് മാത്രമാണ് താരം ലോകകപ്പില്‍ കളിച്ചത്. വീഴ്ത്തിയത് 24 വിക്കറ്റുകള്‍. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായി ഷമി മാറുകയും ചെയ്തു. ആദ്യ നാല് കളികളിലും താരം അന്തിമ ഇലവനില്‍ ഇടംപിടിച്ചിരുന്നില്ല. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമി ടീമിലെത്തിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ന്യീസിലന്‍ഡിനെ സെമിയില്‍ കീഴടക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഷമിയുടെ മാസ്മരിക ബൗളിങായിരുന്നു. താരം 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് സെമിയില്‍ വീഴ്ത്തിയത്. 

ട്രാവിസ് ഹെഡ്ഡ്

ഓസ്‌ട്രേലിയയെ ആറാം ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത് ട്രാവിസ് ഹെഡ്ഡിന്റെ മികവാണ്. ഫൈനലില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഹെഡ്ഡ് കുറിച്ചത്. സെമിയിലും ഫൈനലിലും താരം മാന്‍ ഓഫ് ദി മാച്ചായി. ഫൈനലില്‍ ഇന്ത്യക്കെതിരെ 120 റണ്‍സില്‍ 132 റണ്‍സാണ് ഹെഡ്ഡ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയ 47 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലും ക്രീസില്‍ ഒരറ്റം കാത്ത് ഹെഡ്ഡ് കളം വാണു. 15 ഫോറും നാല് സിക്‌സും സഹിതമായിരുന്നു സെഞ്ച്വറി. 

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് മാക്‌സ്‌വെല്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ വമ്പന്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കുമ്പോള്‍ പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാമാന്യ ഇന്നിങ്‌സാണ് കളിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 292 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് ഒരു ഘട്ടത്തില്‍ 91 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുകയായിരുന്നു. ഈ ഘട്ടത്തില്‍ ക്രീസിലെത്തിയ മാക്‌സ്‌വെല്‍ 21 ഫോറും പത്ത് സിക്‌സും സഹിതം 128 പന്തില്‍ 201 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അവിശ്വസനീയ വിജയമാണ് താരം ഓസീസിന് ഒരുക്കിയത്. ഈ മത്സരം തോറ്റിരുന്നെങ്കിലും ഓസ്‌ട്രേലിയ മിക്കവാറും പുറത്താകുമെന്ന സ്ഥിതിയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com