വീഡിയോ നീക്കം ചെയ്താല്‍ മാത്രം ചര്‍ച്ച; ഗംഭീറുമായുള്ള കൊമ്പുകോര്‍ക്കല്‍, ശ്രീശാന്തിനെതിരെ നടപടി

ഗംഭീറിനെതിരെ നോട്ടീസിലോ റിപ്പോര്‍ട്ടിലോ പരാമര്‍ശങ്ങള്‍ ഇല്ല. ഗംഭീര്‍ തന്നെ ഒത്തുകളിക്കാരന്‍ എന്നു വിളിച്ചുവെന്നു ശ്രീശാന്ത് ആരോപിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ലെജന്‍ഡ്‌സ് ലീഗ് ടി20 ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വാക്‌പോരിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായി എസ് ശ്രീശാന്തിനു ലീഗല്‍ നോട്ടീസ്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണറാണ് (എല്‍എല്‍സി) ശ്രീശാന്തിനു നോട്ടീസ് അയച്ചത്. ശ്രീശാന്ത് ലീഗിന്റെ കരാര്‍ നിയമങ്ങള്‍ ലംഘിച്ചതായി നോട്ടീസില്‍ പറയുന്നു. 

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുള്ള വാക് പോരാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്. ഇന്ത്യ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരത്തിനിടെയായിരുന്നു ഇരുവരും കൊമ്പുകോര്‍ത്തത്. 

ലീഗില്‍ കളിക്കുന്ന മറ്റൊരു താരത്തിനെതിരായ വീഡിയോകള്‍ നീക്കം ചെയ്താല്‍ മാത്രമേ ശ്രീശാന്തുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുകയെന്നു എല്‍എല്‍സി കമ്മീഷണര്‍ വ്യക്തമാക്കി. വിഷയത്തില്‍ അംപയര്‍മാരും സംഘാടകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ശ്രീശാന്തിനെതിരെ നടപടി ശുപാര്‍ശ ചെയ്യുമ്പോഴും ഗംഭീറിനെതിരെ നോട്ടീസിലോ റിപ്പോര്‍ട്ടിലോ പരാമര്‍ശങ്ങള്‍ ഇല്ല. ഗംഭീര്‍ തന്നെ ഒത്തുകളിക്കാരന്‍ എന്നു വിളിച്ചുവെന്നു ശ്രീശാന്ത് ആരോപിച്ചിരുന്നു. പക്ഷേ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ല.

മത്സരത്തില്‍ ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെ ശ്രീശാന്ത് അടുത്തെത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഗംഭീറിനോടു ചൂടായി തട്ടിക്കയറുകയും അടുത്തേക്കു വരികയും ചെയ്ത ശ്രീയെ സഹതാരങ്ങള്‍ പലരും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഗംഭീര്‍ ബാറ്റ് ചെയ്യവെയായിരുന്നു ഫീല്‍ഡ് ചെയ്തു കൊണ്ടിരുന്ന ശ്രീ തട്ടിക്കയറിയത്. മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഇരുവരും തമ്മില്‍ ഉരസല്‍ തുടങ്ങിയിരുന്നു. ഗുജറാത്ത് ബൗളറുമായി ഗംഭീര്‍ എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഇതു കണ്ടു കൊണ്ട് സമീപത്തു നിന്ന ശ്രീശാന്തിന്റെ നിയന്ത്രണം വിട്ടത്. വഴക്കിനിടെ ഗംഭീര്‍ തന്നെ ഒത്തുകളിക്കാരന്‍ എന്നു തുടരെ വിളിച്ചു അപമാനിച്ചുവെന്നായിരുന്നു ശ്രീശാന്തിന്റെ ആരോപണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com