'സമിതി പുതിയത്, ഭരണം പഴയ ഭാരവാഹി'- ​ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം 'മലർത്തിയടിച്ചു'

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ അവ​ഗണിച്ചു ഈ ഭാരവാഹികളുടെ നിയന്ത്രണത്തിലാണ് ഫെഡറേഷനെന്നു സംശയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി
കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഒളിംപ്യൻ സാക്ഷി മാലിക് വാർത്ത സമ്മേളനത്തിൽ ഉപേക്ഷിച്ച ഷൂ/ ട്വിറ്റർ
കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഒളിംപ്യൻ സാക്ഷി മാലിക് വാർത്ത സമ്മേളനത്തിൽ ഉപേക്ഷിച്ച ഷൂ/ ട്വിറ്റർ

ന്യൂഡൽഹി: ​ദേശീയ ​ഗുസ്തി ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെയാണ് കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി മുൻ ​അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ​ഗുസ്തി താരങ്ങൾ വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

ബ്രിജ് ഭൂഷനെതിരെ ലൈം​ഗിക ചൂഷണ പരാതി നൽകി പ്രതിഷേധിച്ച സാക്ഷി മാലിക്, ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട് എന്നിവരാണ് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയത്. അതിനിടെ സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കായിക ലോകത്തെ ഞെട്ടിച്ചു. 

ബ്രിജ് ഭൂഷൻ ശരൺ സിങ്ങുമായി ബന്ധമുള്ള ആരും ഫെഡറേഷനിലേക്ക് വരില്ലെന്ന കായിക മന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ് ലംഘിക്കപ്പെട്ടെന്നു ആരോപിച്ചായിരുന്നു താരങ്ങൾ രം​ഗത്തെത്തിയത്. തങ്ങൾക്ക് ഒരു കാലത്തും നീതി കിട്ടില്ലെന്നു താരങ്ങൾ പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചു. പിന്നാലെയാണ് സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ മടക്കി നൽകുമെന്നു പ്രഖ്യാപിച്ച് കൂടുതൽ താരങ്ങൾ രം​ഗത്തെത്തുകയും ചെയ്തതോടെയാണ് മന്ത്രാലയത്തിന്റെ നടപടി. 

കളിക്കാരെ ലൈം​ഗികാതിക്രമത്തിനു വിധേയരാക്കിയെന്നു ആരോപിക്കപ്പെടുന്ന മുൻ ഭാരവാഹിയുടെ പൂർണ നിയന്ത്രണം ഇപ്പോഴും ഫെഡറേഷനിലുണ്ടെന്നു മന്ത്രാലയം പുറത്തിറക്കിയ സസ്പെൻഷൻ സംബന്ധിച്ച കുറിപ്പിൽ പറയുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ അവ​ഗണിച്ചു ഈ ഭാരവാഹികളുടെ നിയന്ത്രണത്തിലാണ് ഫെഡറേഷനെന്നു സംശയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. 

പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തതടക്കമുള്ളവയിൽ നിലവിലുള്ള ചട്ടങ്ങൾ പാലിക്കപ്പെട്ടില്ല. ദേശീയ മത്സരങ്ങളുടെ പ്രഖ്യാപനം തിടുക്കത്തിലായെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുമാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ജൂനിയർ മത്സരങ്ങൾ ഈ വർഷം അവസാനത്തോടെ അരംഭിക്കുമെന്നു പുതിയതായി ചുമതലേയറ്റ ഉടനെ തന്നെ അധ്യക്ഷൻ പ്രഖ്യാപിച്ചത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ്. മത്സരിക്കുന്ന താരങ്ങൾക്ക് ഒരുക്കങ്ങൾക്കായി 15 ദിവസം അനുവദിക്കേണ്ടതുണ്ടെന്നും എന്നാൽ അതൊന്നും പരി​ഗണിക്കാൻ ഭരണ സമിതിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. 

എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കേണ്ട വിഷയമാണിത്. അതിനു അജണ്ടകൾ ആവശ്യമുണ്ട്. മുൻകൂട്ടി അറിയിച്ച് വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കിയാണ് യോ​ഗം ചേരേണ്ടത്. അതിനു ശേഷം താരങ്ങൾക്ക് സമയം നൽകുന്നതടക്കം പരി​ഗണിച്ചു വേണം ടീം തിരഞ്ഞെടുപ്പ്. എന്നാൽ അതെല്ലാം ലംഘിക്കപ്പെട്ടുവെന്നു മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 

​ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി സാക്ഷി മാലികാണ് താരങ്ങളുടെ പ്രതിഷേധത്തിൽ ആദ്യം രം​ഗത്തെത്തിയത്. കടുത്ത ആരോപണങ്ങളുമായി ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട് എന്നിവരും സാക്ഷിക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഷൂ എടുത്തുയർത്തിയാണ് സാക്ഷി ​ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഷൂ ഉപേക്ഷിച്ചാണ് വാർത്താ സമ്മേളനത്തിൽ നിന്നു മടങ്ങിയത്. ഒളിംപിക്സ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ​ഗെയിംസ് സ്വർണ മെഡൽ നേടിയ താരവുമാണ് സാക്ഷി. ബജ്റം​ഗ് പുനിയ തനിക്കു കിട്ടിയ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com