ടി20യില്‍ ഹസരങ്ക ക്യാപ്റ്റന്‍, ഏകദിനത്തില്‍ കുശാല്‍ മെന്‍ഡിസ്; ജയസൂര്യ ഉപദേശകന്‍; അടിമുടി മാറി ശ്രീലങ്ക

ദസുന്‍ ഷനകയുടെ പകരക്കാരനായാണ് ഹസരങ്ക ടി20 ക്യാപ്റ്റനാകുന്നത്. പരിക്കിനെ തുടര്‍ന്നു താരത്തിനു ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു
മെന്‍ഡിസ്, ഹസരങ്ക/ ട്വിറ്റർ
മെന്‍ഡിസ്, ഹസരങ്ക/ ട്വിറ്റർ

കൊളംബോ: പുതിയ സെലക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നതിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റം. ലങ്കയുടെ പുതിയ ടി20 ക്യാപ്റ്റനായി സ്പിന്നര്‍ വാനിന്ദു ഹസരങ്കയേയും ഏകദിന ക്യാപ്റ്റനായി കുശാല്‍ മെന്‍ഡിസിനേയും തിരഞ്ഞെടുത്തു. രണ്ട് ഫോര്‍മാറ്റിലും ചരിത് അസലങ്കയാണ് വൈസ് ക്യാപ്റ്റന്‍. 

ദസുന്‍ ഷനകയുടെ പകരക്കാരനായാണ് ഹസരങ്ക ടി20 ക്യാപ്റ്റനാകുന്നത്. പരിക്കിനെ തുടര്‍ന്നു താരത്തിനു ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു. സിംബാബ്‌വെക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ നടക്കാനിരിക്കെയാണ് ശ്രദ്ധേയ മാറ്റം. 

മൂന്ന് വീതം മത്സരങ്ങളടങ്ങിയ രണ്ട് പരമ്പരകളാണ് ശ്രീലങ്ക കളിക്കുന്നത്. ജനുവരി ആറ് മുതല്‍ പോരാട്ടം തുടങ്ങും. സിംബാബ്‌വെയുടെ ലങ്കന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. 

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് ഷനക പുറത്തായതിനു പിന്നാലെ കുശാല്‍ മെന്‍ഡിസിനെ താത്കാലിക ക്യാപ്റ്റനാക്കിയിരുന്നു. ഈ സ്ഥാനമാണ് സ്ഥിരമാക്കിയിരിക്കുന്നത്. 
ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് പക്ഷേ രണ്ട് വിജയങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യ റൗണ്ടില്‍ പുറത്താകുകയും ചെയ്തു. 

മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തത്. മുന്‍ താരം അജാന്ത മെന്‍ഡിസ് കമ്മിറ്റി അംഗമാണ്. 

ഇതിഹാസ താരവും മുന്‍ ഓപ്പണറുമായ സനത് ജയസൂര്യ ക്രിക്കറ്റ് കണ്‍സള്‍ട്ടന്റായി ടീമിനൊപ്പം പ്രവര്‍ത്തിക്കും. സമീപ കാലത്ത് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ലങ്കയ്ക്ക് തിരിച്ചുവരാനുള്ള ഒരുക്കവുമായാണ് അടിമുറി മാറുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com