'ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ കീഴടക്കുക എളുപ്പമല്ല, വിജയിച്ചത് സച്ചിൻ മാത്രം'

സച്ചിന്‍ ടെസ്റ്റില്‍ 15,921 റണ്‍സാണ് അടിച്ചത്. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം ടെസ്റ്റില്‍ നേടിയത് 1161 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടമെന്ന 30 വര്‍ഷത്തില്‍ കൂടുതലായി നില്‍ക്കുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ ഇന്ത്യന്‍ ടീം ഇനിയും കാത്തിരിക്കണം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റര്‍മാരുടെ കൂട്ടകുരുതിയാണ് രണ്ടിന്നിങ്‌സിലും കണ്ടത്. 

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ബാറ്റിങില്‍ പൂര്‍ണമായി വിജയിച്ച ഏക താരം ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കാര്‍ മാത്രമാണെന്നു സമര്‍ഥിച്ച് ഇതിഹാസ പ്രോട്ടീസ് പേസര്‍ അലന്‍ ഡൊണാള്‍ഡ്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സംപൂര്‍ണമായി കീഴടങ്ങിയതിന്റെ പശ്ചാത്തലം ചൂണ്ടിയായിരുന്നു ഡൊണാള്‍ഡിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ കൂക്കാബുറ പന്തുകളെ നേരിടുക എന്നത് ലോകത്ത് മറ്റ് ടീമുകള്‍ക്കെല്ലാം കടുത്ത വെല്ലുവിളിയാണ്. 

സച്ചിന്‍ ടെസ്റ്റില്‍ 15,921 റണ്‍സാണ് അടിച്ചത്. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം ടെസ്റ്റില്‍ നേടിയത് 1161 റണ്‍സ്. അഞ്ച് സെഞ്ച്വറികളും പ്രോട്ടീസ് മണ്ണില്‍ ലിറ്റില്‍ മാസ്റ്റര്‍ക്കുണ്ട്. ടെണ്ടുല്‍ക്കര്‍ക്ക് മുന്‍പ് ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 1000 റണ്‍സ് തികച്ച ഏക ബാറ്റര്‍ ഇംഗ്ലണ്ടിന്റെ വാള്‍ട്ടര്‍ ഹാമണ്ട് മാത്രമാണ്. (1927-39 കാലഘട്ടം). അതിനു ശേഷം 1000 കടന്ന ഏക ബാറ്ററും സച്ചിനാണ്. ഇന്നും ഇരുവരും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഈ നേട്ടത്തിലുള്ളത്. 15 കളികളില്‍ നിന്നു ഹാമണ്ട് ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അടിച്ചത് 1447 റണ്‍സ്. 

'ഞങ്ങള്‍ക്കെതിരെ ഏറ്റവും സമര്‍ഥമായി ആധികാരികമായി ബാറ്റ് വീശിയ ഏക താരം എന്റെ അനുഭവത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്. മിഡില്‍ സ്റ്റംപിനു നേര്‍ക്കെറിയുന്ന പന്തുകളെ സച്ചിന്‍ മുന്നോട്ടു കയറി പ്രതിരോധിക്കാറുണ്ടായിരുന്നു.' 

'ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കളിക്കുന്നതു പോലെ അല്ല. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ബാറ്ററുടെ അതിജീവനം അത്ര എളുപ്പമല്ല. കാലങ്ങളായി അത് നാം കാണുന്നു. മികച്ച ഫൂട് വര്‍ക്കില്ലെങ്കില്‍ നിങ്ങള്‍ കുഴപ്പത്തില്‍പ്പെടും'- ഡൊണാള്‍ഡ് വ്യക്തമാക്കി. 

1992- 93 പുര്യടനത്തിലാണ് സച്ചിന്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 111 റണ്‍സാണ് അന്ന് ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നേടിയത്. 19 വയസും 217 ദിവസവും പിന്നിട്ടപ്പോള്‍ പിറന്ന ഈ സെഞ്ച്വറിയിലൂടെ സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. 

1997ല്‍ കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നേടിയ 169 റണ്‍സാണ് സച്ചിന്റെ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഉയര്‍ന്ന സ്‌കോര്‍. 2001ല്‍ ബ്ലൂംഫോണ്ടെയ്‌നിലെ ഗൂഡിയര്‍ പാര്‍ക്കില്‍ സച്ചിന്‍ 155 റണ്‍സ് അടിച്ചു. 2010ല്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ 111 റണ്‍സും സച്ചിന്‍ സ്വന്തമാക്കി. അദ്ദേഹത്തിന്റെ 50ാം ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. 2011ല്‍ കേപ് ടൗണില്‍ അവസാനമായി ടെസ്റ്റ് സെഞ്ച്വറി അന്നടിച്ച 146 റണ്‍സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര സമനില എന്ന നേട്ടവും സമ്മാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com