ഏറു കൊണ്ട് പരിക്ക്; ക്രീസ് വിട്ടു, വീണ്ടും തിരിച്ചെത്തി ഒറ്റ കൈ ബാറ്റിങുമായി ചെറുത്തു നിൽപ്പ്; ഹനുമ വിഹാരിയുടെ ചങ്കുറപ്പ്! (വീഡിയോ)

ആന്ധ്രയുടെ ആദ്യ ഇന്നിങ്സിനിടെ പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ വിഹാരി അവസാനം വീണ്ടും ബാറ്റിങിനെത്തി 57 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു
ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്യുന്ന ഹനുമ വിഹാരി/ ട്വിറ്റർ
ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്യുന്ന ഹനുമ വിഹാരി/ ട്വിറ്റർ

ഇൻഡോർ: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആന്ധ്ര പ്രദേശ് നായകൻ ഹനുമ വിഹാരിയുടെ ബാറ്റിങാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. പരിക്കേറ്റിട്ടും വലം കൈയൻ ബാറ്ററായ വിഹാരി ഒറ്റക്കൈകൊണ്ട് ഇടം കൈ ബാറ്റിങുമായി കളം നിറഞ്ഞതാണ് ശ്ര​ദ്ധേയമായത്. 

ഒറ്റ കൈകൊണ്ടുള്ള ബാറ്റിങിന്റെ വീഡിയോ താരം തന്നെ പങ്കിട്ടു. ടീമിനും സഹ താരങ്ങൾക്കും വേണ്ടിയാണ് ഇതെല്ലാം. അവരെ ഉപേക്ഷിക്കില്ല. നിങ്ങളുടെ ആശംസകൾക്ക് നന്ദി. താരം കുറിച്ചു.

ആന്ധ്രയുടെ ആദ്യ ഇന്നിങ്സിനിടെ പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ വിഹാരി അവസാനം വീണ്ടും ബാറ്റിങിനെത്തി 57 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്ല്‍സി‌‌‌‌‌ പതിനൊന്നാമനായി ക്രീസിലെത്തിയ താരം 16 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 15 റണ്‍സ് നേടി അവസാന വിക്കറ്റായി മടങ്ങി. ഇടംകൈയനായി നിന്ന് ഒറ്റ കൈകൊണ്ടായിരുന്നു താരത്തിന്റെ അമ്പരപ്പിക്കുന്ന ബാറ്റിങ്. 

ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ മധ്യപ്രദേശ് പേസർ ആവേശ് ഖാന്റെ ഡെലിവറി കൈയിൽ കൊണ്ടാണ് വിഹാരിയുടെ ഇടത് കൈക്കുഴയ്ക്ക് പരിക്കേറ്റത്. പിന്നാലെ 37 പന്തില്‍ 16 റണ്‍സുമായി വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. വിഹാരിക്ക് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ താരം ബാറ്റിങിനെത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. അതു സംഭവിക്കുകയും ചെയ്തു. രണ്ട് ഇന്നിങ്സിലും പരിക്ക് വകവെക്കാതെ താരം ക്രീസിലെത്തി. 

പരിക്കിനെ അവഗണിച്ച് ക്രീസിൽ നിന്ന് പൊരുതുന്ന വിഹാരിയെ ഇന്ത്യൻ ടീമിലും കണ്ടിട്ടുണ്ട്. 2021 ജനുവരിയിലെ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തോളം തിളക്കമുള്ള സമനില പിടിച്ചപ്പോൾ ഒരറ്റത്ത് കരുത്തായി നിന്നത് ഹനുമ വിഹാരിയാണ്. പരിക്ക് പലകുറി വലച്ചിട്ടും രവിചന്ദ്രന്‍ അശ്വിനെ കൂട്ടുപിടിച്ച് 161 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ വിഹാരിയുടെ ഇന്നിങ്സ് കൈയടി നേടിയിരുന്നു. സമാന പോരാട്ട വീര്യമാണ് താരം പുറത്തെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com