അവസരങ്ങൾ തുലച്ച് ചോദിച്ചു വാങ്ങിയ തോൽവി; കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി പകരം ചോദിച്ച് ഈസ്റ്റ് ബം​ഗാൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 09:58 PM  |  

Last Updated: 03rd February 2023 09:58 PM  |   A+A-   |  

GOAL

ക്ലെയിറ്റൻ സിൽവ/ ട്വിറ്റർ

 

കൊൽക്കത്ത: ആദ്യ മത്സരത്തിൽ ഏറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ഈസ്റ്റ് ബം​ഗാൾ കേരള ബ്ലാസ്റ്റേഴ്സിനോട് പകരംവീട്ടി. അവസരങ്ങൾ തുലയ്ക്കുന്നതിൽ താരങ്ങൾ മത്സരിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ തോൽവി അനിവാര്യമായി. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ഈസ്റ്റ് ബം​ഗാളിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തിയ കൊമ്പൻമാർക്ക് ആ മികവ് പക്ഷേ ഇത്തവണ ആവർത്തിക്കാൻ സാധിച്ചില്ല. 

ഈസ്റ്റ് ബം​ഗാളിനായി സൂപ്പർ താരം ക്ലെയിറ്റൻ സിൽവയാണ് വല ചലിപ്പിച്ചത്. ആദ്യ പകുതി ​ഗോൾരഹിതമായപ്പോൾ രണ്ടാം പകുതി തുടങ്ങി 77ാം മിനിറ്റിലാണ് ഈസ്റ്റ് ബം​ഗാൾ വല ചലിപ്പിച്ചത്. 

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 16ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യ പകരക്കാരനെ കൊണ്ടുവന്നത് നാടകീയ രം​ഗങ്ങൾക്ക് ഇടയാക്കി. അങ്കിത് മുഖര്‍ജിയ്ക്ക് പകരം മുഹമ്മദ് റാക്കിബിനെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇറക്കി. പരിശീലകന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുഖര്‍ജി ജഴ്‌സിയൂരി വലിച്ചെറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്.

ഈസ്റ്റ് ബംഗാള്‍ പതിയെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും മുന്നേറ്റനിരയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മികച്ച പ്രതിരോധം തീര്‍ച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പാറപോലെ ഉറച്ചുനിന്നു. 42ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി വിപി സുഹൈര്‍ വല ചലിപ്പിച്ചെങ്കിലും അത് ഓഫ് സൈഡായി.

രണ്ടാം പകുതി തുടങ്ങി 77ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ഈസ്റ്റ് ബംഗാള്‍ സമനിലപ്പൂട്ട് പൊളിച്ചു. നയോറം മഹേഷ് സിങിന്റെ മുന്നേറ്റത്തിനൊടുവിൽ സൂപ്പര്‍താരം ക്ലെയിറ്റണ്‍ സില്‍വയാണ് ​ഗോൾ നേടിയത്. ഇടതുവിങ്ങിലൂടെ നയോറം നടത്തിയ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം വിക്ടര്‍ മോംഗിലിന്റെ ദേഹത്ത് തട്ടി സില്‍വയുടെ കാലിലേക്കാണ് പോയത്. കിട്ടിയ അവസരം മുതലെടുത്ത സില്‍വ അനായാസം വല കുലുക്കി. 

കളിയുടെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന് മൂന്നോളം സുവർണാവസരങ്ങൾ ലഭിച്ചു. രാഹുലിന് ഒരു തവണയും ഡയമന്റക്കോസിന് രണ്ട് തവണയും അവസരം കിട്ടിയെങ്കിലും അതെല്ലാം തുലച്ചു. അതിനിടെ താരങ്ങൾ തമ്മിൽ കൊമ്പുകോർത്തതും കല്ലുകടിയായി. ഇൻഞ്ച്വറി ടൈമിൽ ഈസ്റ്റ് ബം​ഗാൾ താരം മുബഷീർ റഹ്മാൻ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു. 

പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റാണ് ടീമിനുള്ളത്. പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും സജീവം. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി നേരിട്ട് സെമിയില്‍ കയറാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ക്ക് പക്ഷേ മങ്ങലേറ്റു. മറുവശത്ത് ഈസ്റ്റ് ബംഗാള്‍ 16 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റ് നേടി ഒന്‍പതാം സ്ഥാനത്താണ്. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാളും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഐഎസ്എൽ ഫൈനൽ മാർച്ച് 18ന്; പ്ലേ ഓഫ് മത്സരങ്ങൾ അടിമുടി മാറും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ