ഓര്‍മയില്‍ ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍; ജോഗീന്ദര്‍ ശര്‍മ സജീവ ക്രിക്കറ്റ് മതിയാക്കി

2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ധോനി പന്ത് നല്‍കിയത് ജോഗീന്ദര്‍ ശര്‍മയ്ക്കായിരുന്നു
2007ലെ ടി20 ലോകകപ്പ് വിജയം സഹ താരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ജോ​ഗീന്ദർ ശർമ/ ട്വിറ്റർ
2007ലെ ടി20 ലോകകപ്പ് വിജയം സഹ താരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ജോ​ഗീന്ദർ ശർമ/ ട്വിറ്റർ

ചണ്ഡീഗഢ്: 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി നിന്ന ജോഗീന്ദര്‍ ശര്‍മ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര, പ്രദേശിക ക്രിക്കറ്റില്‍ ഇനി കളിക്കാനിറങ്ങില്ലെന്ന് 39കാരനായ താരം വ്യക്തമാക്കി. 

2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ധോനി പന്ത് നല്‍കിയത് ജോഗീന്ദര്‍ ശര്‍മയ്ക്കായിരുന്നു. താരം 13 റണ്‍സ് പ്രതിരോധിച്ചാണ് ഇന്ത്യക്ക് മിന്നും ജയവും കിരീടവും സമ്മാനിച്ചത്. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെയും ഡെത്ത് ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ജയം സമ്മാനിക്കുന്നതില്‍ താരം നിര്‍ണായകമായി. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ താരത്തിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. 

21 വര്‍ഷം നീണ്ട കരിയറിനാണ് ജോഗീന്ദര്‍ വിരാമമിടുന്നത്. 2001-02 സീസണിലാണ് ഡൊമസ്റ്റിക് ക്രിക്കറ്റില്‍ താരം അരങ്ങേറുന്നത്. ധോനിയുടെ നായകത്വത്തിന് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി താരം ഐപിഎല്‍ കളിച്ചു. രണ്ട് തവണ താരം ഐപിഎല്‍ കിരീട നേട്ടത്തില്‍ പങ്കാളിയായി. നിലവില്‍ ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി ജോലി ചെയ്യുകയാണ് താരം. 

2004 മുതല്‍ 2007 വരെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. ഇന്ത്യക്കായി നാല് ഏകദിന മത്സരങ്ങളും നാല് ടി20 മത്സരങ്ങളുമാണ് ജോഗീന്ദര്‍ കളിച്ചത്. മീഡിയം പേസറായ താരത്തിന്റെ അവസാന അന്താരാഷ്ട്ര ടി20 പോരാട്ടം കൂടിയായിരുന്നു 2007ലെ ലോകകപ്പ് ഫൈനല്‍. 

2007ലെ ഫൈനലില്‍ പാകിസ്ഥാന് അവസാന ഓവറില്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മിസ്ബ ഉള്‍ ഹഖായിരുന്നു ക്രീസില്‍. ഒരു വിക്കറ്റ് മാത്രമേ പാകിസ്ഥാന് കൈയിലുണ്ടായിരുന്നുള്ളു. അവസാന നാല് പന്തില്‍ ആറ് എന്ന നിലയിലായി പാകിസ്ഥാന്‍. ജോഗീന്ദര്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ സ്‌കൂപ്പ് ഷോട്ട് കളിച്ച മിസ്ബയ്ക്ക് പിഴച്ചു. ഡീപ് ഫൈനല്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത മലയാളി പേസര്‍ ശ്രീശാന്തിന്റെ കൈകളില്‍ ആ പന്ത് വിശ്രമിച്ചു. ഇന്ത്യക്ക് ജയവും ലോക കിരീടവും. 

ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് തന്റെ ക്രിക്കറ്റ് കരിയറെന്ന് താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ കുറിച്ചു. അവസരങ്ങള്‍ തന്ന ബിസിസിഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഹരിയാന സര്‍ക്കാരിനും താരം നന്ദി പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലും ബിസിനസ് മേഖലകളിലേക്കും ഇറങ്ങുകയാണെന്നും ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണെന്നും ജോഗീന്ദര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com