'മെസി സ്റ്റൈല്‍ മാജിക്കുമായി മുസിയാല ഗോള്‍'- പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം വിടാതെ ബയേണ്‍ മ്യൂണിക്ക് (വീഡിയോ) 

മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ ബയേണ്‍ മൂന്ന് ഗോളുകള്‍ വലയിലാക്കി
ഗോളിലേക്കുള്ള മുസിയാലയുടെ മുന്നേറ്റം/ എഎഫ്പി
ഗോളിലേക്കുള്ള മുസിയാലയുടെ മുന്നേറ്റം/ എഎഫ്പി

മ്യൂണിക്ക്: തുടരെ മൂന്ന് സമനിലകള്‍ക്കൊടുവില്‍ ബുണ്ടസ് ലീഗയിലെ 2023 വര്‍ഷത്തിലെ  ആദ്യ വിജയം കുറിച്ച് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക്. വോള്‍വ്‌സ്ബര്‍ഗിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും അവര്‍ തിരിച്ചെത്തി. ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ യൂനിയന്‍ ബെര്‍ലിനാണ് രണ്ടാമത്. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം മഞ്ഞ കാര്‍ഡും അതുവഴി ചുവപ്പ് കാര്‍ഡും കണ്ട് മധ്യനിരയുടെ നട്ടെല്ലായ ജോഷ്വാ കിമ്മിച് പുറത്ത് പോയി പത്ത് പേരായിട്ടും ബയേണ്‍ വിജയം കൈവിടാതെ കാത്തു. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ ബയേണ്‍ മൂന്ന് ഗോളുകള്‍ വലയിലാക്കി. കിങ്‌സ്‌ലി കോമന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വെറ്ററന്‍ ഇതിഹാസം തോമസ് മുള്ളര്‍ യുവ വിസ്മയം ജമാല്‍ മുസിയാല എന്നിവരും ബയേണിനായി വല ചലിപ്പിച്ചു. 

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ വോള്‍വ്‌സ്ബര്‍ഗ് ആക്രമണം കടുപ്പിച്ച് മികവ് പുലര്‍ത്തിയെങ്കിലും ബയേണിനെ പിടിച്ചു നിര്‍ത്താന്‍ അതു പോരായിരുന്നു. ജകുബ് കമിന്‍സ്‌കി, മത്യാസ് സ്വാന്‍ബര്‍ഗ് എന്നിവരാണ് വോള്‍വ്‌സിന്റെ സ്‌കോറര്‍മാര്‍. 

കളിയുടെ ഒന്‍പതാം മിനിറ്റില്‍ തന്നെ കോമനിലൂടെ ബയേണ്‍ ലീഡെടുത്തു. പിന്നാലെ 14ാം മിനിറ്റിലും താരം വല ചലിപ്പിച്ചു. 19ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് മുള്ളര്‍ മൂന്നാം ഗോള്‍ ബയേണിന് സമ്മാനിച്ചത്. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കമിന്‍സ്‌കി വോള്‍വ്‌സിനായി വല ചലിപ്പിച്ച് ലീഡ് കുറച്ചു. 

രണ്ടാം പകുതിയില്‍ ബയേണിനെ വോള്‍വ്‌സ് നിരന്തരം പരീക്ഷിച്ചു. അതിനിടെയാണ് 54ാം മിനിറ്റില്‍ കിമ്മിചിന്റെ പുറത്താകല്‍. ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ പോസ്റ്റിന് കീഴില്‍ യാന്‍ സോമ്മര്‍ മികവ് പുലര്‍ത്തിയത് ബയേണിന് ആശ്വാസമായി. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ വോള്‍വ്‌സ് രണ്ടാം പകുതിയില്‍ സൃഷ്ടിച്ചു. 

അവരുടെ മുന്നേറ്റത്തെ പിന്നോട്ടടിക്കുന്ന സുന്ദരന്‍ ഗോളിലൂടെ ജമാല്‍ മുസിയാല ബയേണിന്റെ ലീഡിന് ഉറപ്പു നല്‍കി. ഒരു സോളോ ഗോളായിരുന്നു ഇത്. താരത്തിന്റെ മാന്ത്രിക മുന്നേറ്റമാണ് ഗ്രൗണ്ടില്‍ കണ്ടത്. പ്രതിരോധിക്കാന്‍ എത്തിയ വോള്‍വ്‌സ് താരങ്ങളെ ഒന്നൊന്നായി മറികടന്ന് മുസിയാല പന്ത് മനോഹരമായി വലയില്‍ കയറ്റി. 

80ാം മിനിറ്റില്‍ സ്വാന്‍ബെര്‍ഗ് ഒരു ഗോള്‍ കൂടി മടക്കി. എങ്കിലും അതൊന്നും ബാവേറിയന്‍സിന്റെ വിജയത്തെ തടയിടാന്‍ പാകത്തിലായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com