'അച്ഛന്‍ നിര്‍ത്തി, മകന്‍ തുടങ്ങി'- കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ചന്ദര്‍പോളിന്റെ മകന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2023 01:25 PM |
Last Updated: 06th February 2023 01:25 PM | A+A A- |

ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍/ ട്വിറ്റർ
ബുലവായോ: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ ശിവ്‌നാരെയ്ന്‍ ചന്ദര്‍പോളിന്റെ മകന്‍ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ ടെസ്റ്റിലെ കന്നി ശതകം കുറിച്ചു. സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരത്തിന്റെ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനൊപ്പം ഓപ്പണിങ് ഇറങ്ങിയ താരം 101 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ബ്രാത്‌വെയ്റ്റും സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു.
ഇരുവരുടേയും സെഞ്ച്വറി കരുത്തില്‍ വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 221 റണ്‍സെന്ന ശക്തമായ നിലയിലാണ്. മഴ ഇടക്കിടെ രസം കൊല്ലിയായപ്പോള്‍ ഇരുവരുടേയും ബാറ്റിങാണ് ആരാധകര്‍ക്ക് വിരുന്നായി മാറിയത്. ബ്രാത്‌വെയ്റ്റ് 126 റണ്‍സുമായാണ് അപരാജിതനായി നിലകൊള്ളുന്നത്.
കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റാണ് താരം കളിക്കുന്നത്. ഇതിഹാസ താരമായ അച്ഛന് 52ാം ഇന്നിങ്‌സിലാണ് കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞതെങ്കില്‍ 26കാരനായ മകന്‍ ചന്ദര്‍പോളിന് അഞ്ചാം ഇന്നിങ്‌സില്‍ തന്നെ നേട്ടം സ്വന്തമായി. 291 പന്തുകള്‍ നേരിട്ടാണ് ടാഗ്‌നരെയ്ന്‍ 101 റണ്‍സെടുത്തത്.
ഇരുവരും ചേര്‍ന്നുള്ള 221 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് വിന്‍ഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ പത്താമത്തെ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ്. 1990ല്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ന്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരെ പടുത്തുടര്‍ത്തിയ 298 റണ്‍സാണ് വിന്‍ഡീസിന്റെ ടെസ്റ്റിലെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. ഈ റെക്കോര്‍ഡ് ടാഗ്‌നരെയ്ന്‍- ബ്രാത്‌വെയ്റ്റ് സഖ്യം തകര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'കരിയർ നശിപ്പിക്കുമെന്ന് ഭീഷണി, അപവാദ പ്രചാരണങ്ങൾ'- മുൻ ഭാര്യക്കെതിരെ ശിഖർ ധവാൻ; കോടതി വിലക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ