രോഹിതിന്റെ സെഞ്ച്വറി, ജഡേജയ്ക്ക് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി അക്ഷര്‍; പിടിമുറുക്കി ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 05:15 PM  |  

Last Updated: 10th February 2023 05:15 PM  |   A+A-   |  

aksher

അക്ഷര്‍ പട്ടേല്‍/ പിടിഐ

 

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 300 കടന്ന് ഇന്ത്യന്‍ സ്‌കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയില്‍. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യക്ക് 144 റണ്‍സിന്റെ ലീഡായി. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സില്‍ അവസാനിച്ചിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയും രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ ജഡേജ- അക്ഷര്‍ സഖ്യമാണ് ക്രീസില്‍. ഏഴാം വിക്കറ്റ് വീണതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച സഖ്യം 81 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

170 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറുകള്‍ സഹിതം ജഡേജ 66 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 102 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകള്‍ സഹിതം അക്ഷര്‍ 52 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 

ചായ ഇടവേള കഴിഞ്ഞ് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടമായി. 212 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 120 റണ്‍സുമായി മടങ്ങി. ക്യാപ്റ്റനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ അരങ്ങേറ്റം മത്സരം കളിക്കുന്ന ശ്രീകര്‍ ഭരത് എത്തിയെങ്കിലും താരത്തിനും അധികം ആയുസുണ്ടായില്ല. എട്ട് റണ്‍സുമായി ഭരത് പുറത്തായി. 

ആര്‍ അശ്വിന്‍ (23), കെഎല്‍ രാഹുല്‍ (20), വിരാട് കോഹ്‌ലി (12), സൂര്യകുമാര്‍ യാദവ് (എട്ട്), ചേതേശ്വര്‍ പൂജാര (ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. 

ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി ടോഡ് മര്‍ഫി അരങ്ങേറ്റം അവിസ്മരണീയമാക്കി. നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു. അവരുടെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സില്‍ അവസാനിച്ചു. മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിനും ഓസീസ് പതനം പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നാല് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 49 റണ്‍സെടുത്ത മര്‍നസ് ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്‌സ് കാരി (36), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

'പെരുമാറ്റം അങ്ങേയറ്റം അക്രമാസക്തം'- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ക്രിസ്റ്റല്‍ പാലസ് താരങ്ങള്‍ കുറ്റക്കാര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ