ക്ലോ ട്രിയോണിന്റെ ഓള്‍റൗണ്ട് മാജിക്; ന്യൂസിലന്‍ഡിനെ വെറും 67ല്‍ ചുരുട്ടിക്കൂട്ടി; സെമി സജീവമാക്കി ദക്ഷിണാഫ്രിക്ക

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തിയത്
ന്യൂസിലൻഡിനെതിരെ ക്ലോ ട്രിയോണിന്റെ ബൗളിങ്/ എഎഫ്പി
ന്യൂസിലൻഡിനെതിരെ ക്ലോ ട്രിയോണിന്റെ ബൗളിങ്/ എഎഫ്പി

ബോളണ്ട് പാര്‍ക്: ടി20 വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ട് സെമി പ്രതീക്ഷകളിലേക്ക് തിരിച്ചെത്തി ദക്ഷിണാഫ്രിക്ക. 65 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസിലന്‍ഡുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. കിവി വനിതകള്‍ തുടര്‍ച്ചയായി രണ്ടാം മത്സരവും തോറ്റതോടെ അവരുടെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായി. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തിയത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 18.1 ഓവറില്‍ വെറും 67 റണ്‍സില്‍ അവസാനിച്ചു. 

താരതമ്യേന കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ ക്രീസിലെത്തിയ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് 100 പോലും കടക്കാന്‍ പറ്റിയില്ല. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികവിന്റെ ഔന്നത്യം അടയാളപ്പെടുത്തിയ ക്ലോ ട്രയോണിന്റെ ഓള്‍റൗണ്ട് മികവാണ് ന്യൂസിലന്‍ഡിന്റെ കുഴി തോണ്ടിയത്. 

ന്യൂസിലന്‍ഡ് നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ സോഫി ഡിവൈനാണ് കിവികളുടെ ടോപ് സ്‌കോറര്‍. താരം 16 റണ്‍സെടുത്തു. 11 റണ്‍സെടുത്ത ജെസ് കെര്‍, പത്ത് റണ്‍സ് കണ്ടെത്തിയ അമേലിയ കെര്‍ എന്നിവരാണ് രണ്ടം കണ്ട മറ്റുള്ളവര്‍. ഓപ്പണര്‍മാരായ രണ്ട് പേരും സംപൂജ്യരായി കൂടാരം കയറി. 

കളിയിലെ താരമായി മാറിയ ക്ലോ ട്രിയോണ്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുവേകോ മ്ലാബ നാലോവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മരിസന്നെ കാപും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷബ്‌നിം ഇസ്മയില്‍, അയബോംഗ ഖക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തകര്‍ന്നു. പിന്നീട് ക്ലോ ട്രിയോണിന്റെ ബാറ്റിങാണ് അവര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മനിച്ചത്. 

താരം 34 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സനെ ലസ് 22 റണ്‍സും വാലറ്റത്ത് നദിനെ ഡി ക്ലര്‍ക് പുറത്താകാതെ 28 റണ്‍സും കണ്ടെത്തി സ്‌കോര്‍ ഈ നിലയില്‍ എത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com