1000ന് മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന സഖ്യം, സിക്‌സുകളുടെ എണ്ണത്തില്‍ പുതിയ ചരിത്രം; റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഇംഗ്ലീഷ് താരങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളിങ് സഖ്യമായി ആന്‍ഡേഴ്‌സനും ബ്രോഡും മാറി
ബ്രോഡും ആൻഡേഴ്സനും/ എഎഫ്പി
ബ്രോഡും ആൻഡേഴ്സനും/ എഎഫ്പി

ഓവൽ: ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഇംഗ്ലണ്ട് താരങ്ങള്‍. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലണ്ടിന്റെ വെറ്ററന്‍ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ചരിത്രമെഴുതിയത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളിങ് സഖ്യമായി ആന്‍ഡേഴ്‌സനും ബ്രോഡും മാറി. ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഷെയ്ന്‍ വോണ്‍- ഗ്ലെന്‍ മഗ്രാത്ത് സഖ്യത്തിന്റെ ഏറെക്കാലമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഇംഗ്ലീഷ് പേസ് ദ്വയം തിരുത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇരുവരും ചേര്‍ന്ന് 1002 എതിരാളികളെ പുറത്താക്കിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. വോണ്‍- മഗ്രാത്ത് സഖ്യം 1001 ബാറ്റര്‍മാരെ ഔട്ടാക്കിയാണ് നേരത്തെ റെക്കോര്‍ഡ് ബുക്കില്‍ പേര് ചേര്‍ത്തത്. 

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റും ബ്രോഡ് ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന് വിക്കറ്റില്ലെങ്കിലും ബ്രോഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഡെവോണ്‍ കോണ്‍വെയെ ബ്രോഡ് ക്ലീന്‍ ബൗള്‍ഡ് ചെയ്തതിന് പിന്നാലെയാണ് റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചത്. 

ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ 678 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രോഡ് 571 വിക്കറ്റുകളുമാണ് ഇതുവരെ വീഴ്ത്തിയത്. 2007ല്‍ ശ്രീലങ്കക്കെതിരെയാണ് ബ്രോഡ് ടെസ്റ്റില്‍ അരങ്ങേറിയത്. ആന്‍ഡേഴ്‌സന്‍ 2003ല്‍ സിംബാബ്‌വെക്കെതിരെയാണ് അരങ്ങേറിയത്. 

ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍- ചാമിന്ദ വാസ് സഖ്യം 895 എതിരാളികളെ ഔട്ടാക്കിയിട്ടുണ്ട്. വിന്‍ഡീസ് ഇതിഹാസ സഖ്യം കോട്‌നി വാല്‍ഷ്- കട്‌ലി ആംബ്രോസ് സഖ്യമാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഇരുവരും ചേര്‍ന്ന് 762 വിക്കറ്റുകളാണ് വീഴ്ത്തിയത്. 

അപൂര്‍വ പട്ടികയില്‍ ഇനി ഒന്നാമന്‍ സ്റ്റോക്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ബെന്‍ സ്‌റ്റോക്‌സ് സ്വന്തം പേരിലേക്ക് മാറ്റിയത്. മുന്‍ ന്യൂസിലന്‍ഡ് നായകനും ഇതിഹാസ താരവുമായ ബ്രെണ്ടന്‍ മക്കല്ലെത്തിന്റെ റെക്കോര്‍ഡാണ് സ്‌റ്റോക്‌സ് തകര്‍ത്തത്. 

രണ്ടാം ഇന്നിങ്‌സില്‍ രണ്ട് സിക്‌സുകള്‍ തൂക്കിയാണ് സ്‌റ്റോക്‌സ് റെക്കോര്‍ഡ് മറികടന്നത്. 107 സിക്‌സുകളാണ് മെക്കല്ലം അടിച്ചത്. ഇത് 109ആക്കിയാണ് സ്‌റ്റോക്‌സിന്റെ നേട്ടം. 

ടെസ്റ്റില്‍ 100ല്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം താരമായും സ്‌റ്റോക്‌സ് മാറി. ബെന്‍ സ്റ്റോക്‌സ് തന്റെ റെക്കോര്‍ഡ് തകര്‍ക്കുമ്പോള്‍ മെക്കല്ലം ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകനായി ഡഗൗട്ടിലുണ്ട് എന്നതും കൗതുകമായി. 

മുന്‍ ഓസീസ് താരവും ഇതിഹാസവുമായ ആദം ഗില്‍ക്രിസ്റ്റാണ് എലൈറ്റ് പട്ടികയിലെ മറ്റൊരാള്‍. ഗില്‍ക്രിസ്റ്റാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സര്‍ തൂക്കിയ ആദ്യ താരം. 98 സിക്‌സുമായി ക്രിസ് ഗെയ്‌ലും 97 സിക്‌സുമായി ജാക്വിസ് കാലിസും നാലും അഞ്ചും സ്ഥാനത്തുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com