പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തിൽ അസം ഖാൻ അടിച്ചെടുത്തത് 97 റൺസ്! (വീഡിയോ)

മുൻ പാകിസ്ഥാൻ താരം കൂടിയായ മൊയിൻ ഖാന്റെ മകൻ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്
അസം ഖാൻ‌/ ട്വിറ്റർ
അസം ഖാൻ‌/ ട്വിറ്റർ

കറാച്ചി: എതിർ ടീമിന്റെ പരിശീലകൻ സ്വന്തം പിതാവ്. ആ പിതാവിനെ സാക്ഷിയാക്കി മകന്റെ തകർപ്പൻ ബാറ്റിങ്. അർധ സെഞ്ച്വറിക്ക് പിന്നാലെ പിതാവിന്റെ നേർക്ക് കൈ ചൂണ്ടി നെഞ്ചിലിടിച്ച് ആഹ്ലാദം. അപൂർവ രം​ഗങ്ങൾക്ക് സാക്ഷിയായി പാകിസ്ഥാൻ സൂപ്പർ ലീ​ഗ് ടി20 പോരാട്ടം. പാകിസ്ഥാൻ സൂപ്പർ ലീ​ഗിന്റെ പുതിയ അധ്യായത്തിലാണ് തകർപ്പൻ ബാറ്റിങും അപൂർവ നിമിഷവും പിറന്നത്. 

മുൻ പാകിസ്ഥാൻ താരം കൂടിയായ മൊയിൻ ഖാന്റെ മകൻ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മൊയിൻ ഖാൻ പരിശീലിപ്പിക്കുന്ന ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് ഇസ്ലാമബാദ് യുനൈറ്റഡിനായി മകൻ അസം ഖാൻ തട്ടുപൊളിപ്പൻ ബാറ്റിങുമായി കളം നിറഞ്ഞത്. മത്സരത്തിൽ 42 പന്തിൽ നിന്ന് അസം ഖാൻ വാരിയത് 97 റൺസ്. സെഞ്ച്വറി തികയ്ക്കാൻ അവസരമുണ്ടായെങ്കിലും താരം ക്ലീൻ ബൗൾഡായതോടെ ആ കൊടുങ്കാറ്റ് നിലച്ചു. 

ഒഡീൻ സ്മിത്ത് എറിഞ്ഞ 20ാം ഓവറിലെ നാലാം പന്തിൽ സിക്സും അഞ്ചാം പന്തിൽ ‍ഫോറും കണ്ടെത്തി വ്യക്തിഗത സ്കോർ 97 റൺസിൽ എത്തിച്ച 24കാരനായ അസം ഖാൻ, അവസാന പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. മത്സരത്തിൽ എട്ട് പടുകൂറ്റൻ സിക്സുകളും ഒൻപത് ഫോറുകളുമാണ് ആ ബാറ്റിൽ നിന്ന് ​ഗ്രൗണ്ടിന്റെ നാല് ഭാ​ഗത്തേയ്ക്കും പറന്നത്. 24 പന്തിൽ 42 റൺസടിച്ച ആസിഫ് അലി, 22 പന്തിൽ 38 റൺസടിച്ച കോളിൻ മൺറോ എന്നിവർ കൂടി ചേർന്നതോടെ, ഇസ്ലാമബാദ് യുനൈറ്റഡ് നിശ്ചിത 20 ഓവറിൽ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ്.

മത്സരത്തിൽ പിതാവിന്റെ ടീം തോൽക്കുകയും ചെയ്തു. സർഫറാസ് അഹമ്മദ് ക്യാപ്റ്ററ്റനായ ഗ്ലാഡിയേറ്റേഴ്സിന്റെ മറുപടി 19.1 ഓവറിൽ 157 റൺസിൽ അവസാനിച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ തോൽവി 63 റൺസിന്. 26 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 48 റൺസെടുത്ത മുഹമ്മദ് ഹഫീസാണ് അവരുടെ ടോപ് സ്കോറർ. 36 പന്തിൽ 41 റൺസെടുത്ത ക്യാപ്റ്റൻ സർഫറാസ്, 27 പന്തിൽ 39 റൺസെടുത്ത ഇഫ്തിഖർ അഹമ്മദ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പക്ഷേ ടീമിനെ ജയത്തിലെത്തിക്കാൻ അത് പോരായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com