മൂന്നടിച്ച് മൂന്നിൽ; അപരാജിതം ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ജംഷഡ്പുരിനെയും പൂട്ടി

അപോസ്‌തോലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലുണ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി
അഡ്രിയാൻ ലുണ/ ട്വിറ്റർ
അഡ്രിയാൻ ലുണ/ ട്വിറ്റർ

കൊച്ചി: വിജയക്കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം പുതുവർഷത്തിലും തുടരുന്നു. തുടർച്ചയായി എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഹോം പോരാട്ടത്തിൽ ജംഷഡ്പുർ എഫ്സിയെ തകർത്തു. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് കൊമ്പൻമാരുടെ മുന്നേറ്റം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 

അപോസ്‌തോലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലുണ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. ജംഷഡ്പുരിന്റെ ആശ്വാസ ഗോള്‍ ഡാനിയല്‍ ചിമ ചുക്‌വു നേടി.

കളി തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. ഡയമന്റകോസിന്റെ പാസിൽ നിന്നാണ് ജിയാനു വല ചലിപ്പിച്ചത്. എന്നാൽ അധികം താമസിയാതെ ജംഷഡ്പുർ സമനില പിടിച്ചു. 17ാം മിനിറ്റിൽ ചുക്‌വു സമനില സമ്മാനിച്ചു. 

റാഫേല്‍ ക്രൈവെല്ലാരോ നല്‍കിയ പാസില്‍ നിന്നുള്ള ഇഷാന്‍ പണ്ഡിതയുടെ ഗോള്‍ ശ്രമം തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ലൈന്‍ വിട്ടിറങ്ങി. പണ്ഡിതയിൽ നിന്ന് ക്ലിയര്‍ ചെയ്യാനായെങ്കിലും പന്ത് പോയത് ചുക്‌വുവിന്റെ കാലിലേക്ക്. പിഴവില്ലാതെ താരം ചിപ് ചെയ്ത പന്ത് നേരേ വലയിലേക്ക്. തടയാന്‍ മാര്‍ക്കോ ലെസ്‌കോവിച്ച് ശ്രമിച്ചെങ്കിലും താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയിൽ കയറി. 

30ാം മിനിറ്റിൽ കൊമ്പൻമാർക്ക് അനുകൂലമായി പെനാൽറ്റി. ജെസ്സല്‍ കാര്‍ണെയ്‌റോ ക്രോസ് ചെയ്ത പന്ത് ബോക്‌സില്‍ വെച്ച് ജംഷഡ്പുർ താരം ബോറിസ് സിങിന്റെ കൈയില്‍ തട്ടി. റഫറിയുടെ പെനാൽറ്റി വിസിൽ. കിക്കെടുത്ത ഡയമന്റക്കോസ് അനായാസം പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതി തുടങ്ങി 65ാം മിനിറ്റില്‍ കിടിലനൊരു ടീം ഗെയിമിലൂടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും സ്വന്തമാക്കി. അഡ്രിയാന്‍ ലുണ, സഹല്‍, ഡയമന്റക്കോസ്, ജിയാനു എന്നിവര്‍ പരസ്പരം പാസ് ചെയ്താണ് ഈ ​ഗോളിലേക്കുള്ള വഴി തറുന്നത്. ഒടുവിൽ ലുണ സുന്ദരമായി പന്ത് വലയിലെത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com