ഷെഫാലിയും ശ്വേതയും/ ട്വിറ്റർ
ഷെഫാലിയും ശ്വേതയും/ ട്വിറ്റർ

വീണ്ടും അടിച്ചു തകര്‍ത്ത് ഷെഫാലിയും ശ്വേതയും; ടി20 ലോകകപ്പില്‍ തുടർച്ചയായി രണ്ടാം പോരിലും ഇന്ത്യൻ മുന്നേറ്റം; കൂറ്റൻ ജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു

ബെനോനി: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇയെ 122 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ കൗമാരക്കാരികളുടെ ആധികാരിക ജയം. നേരത്തെ ആദ്യ പോരില്‍ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മറുപടി പറഞ്ഞ യഎഇക്ക് നൂറ് റണ്‍സ് പോലും തികയ്ക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സേ അവര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചുള്ളു. 

ടോസ് നേടി യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തീരുമാനം അമ്പേ പാളിപ്പോയെന്ന് ഓപ്പണിങ് ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മയും ശ്വേത ഷെരാവതും തെളിയിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 111 റണ്‍സ് ചേര്‍ത്തു. വെറും 8.3 ഓവറിലാണ് ഇത്രയും റണ്‍സ് ബോര്‍ഡില്‍ എത്തിയത്. 

കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ചയായാണ് ഷെഫാലിയും ശ്വേതയും ബാറ്റ് വീശിയത്. കഴിഞ്ഞ കളിയില്‍ അര്‍ധ ശതകം നേടിയ ശ്വേത രണ്ടാം പോരിലും അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 

ഷെഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം വെറും 34 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 78 റണ്‍സ് അടിച്ചെടുത്തു. ശ്വേത 49 പന്തുകളില്‍ നിന്ന് 10 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്തു. 

മൂന്നാമതായി ക്രീസിലെത്തിയ റിച്ച ഘോഷും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശി. അര്‍ഹിച്ച അര്‍ധ സെഞ്ച്വറി ഒറ്റ റണ്‍ അകലെ റിച്ചയ്ക്ക് നഷ്ടമായി. 29 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം റിച്ച 49 റണ്‍സ് കണ്ടെത്തി. പിന്നീടെത്തിയ ജി തൃഷയ്ക്ക് തിളങ്ങാനായില്ല. താരം 11 റണ്‍സുമായി മടങ്ങി. കളി അവസാനിക്കുമ്പോള്‍ സോണിയ മെന്റിയാണ് ശ്വേതയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്നത്. 

യുഎഇക്കായി ഇന്ദുജ നന്ദകുമാര്‍, മഹിക ഗൗര്‍, സമരിക ധര്‍ണിധര്‍ക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

വിജയത്തിലേക്ക് ബാറ്റെടുത്ത യുഎഇ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അല്‍പ്പായുസായിരുന്നു. ക്യാപ്റ്റന്‍ തീര്‍ഥ സതീഷ് ആദ്യ ഓവറില്‍ തന്നെ നാല് ഫോറുകളുമായി കളം നിറഞ്ഞെങ്കിലും അഞ്ചാം പന്തില്‍ മടങ്ങി. താരം അഞ്ച് പന്തില്‍ 16 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ലാവണ്യ കെനി (24), അഞ്ചാമതായി ക്രീസിലെത്തിയ മഹിക ഗൗര്‍ (26) എന്നിവരും രണ്ടക്കം കടന്നു. 

ഒന്‍പത് റണ്‍സുമായി വൈഷ്ണവി മഹേഷ്, രണ്ട് റണ്‍സുമായി അര്‍ചര സുപ്രിയ എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശബ്‌നം, ടിറ്റാസ് സാധു, മന്നത് കശ്യപ്, പര്‍ഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com