ലെജന്റ് 'നൊവാക്'- ഇനി നദാലിനൊപ്പം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പത്താം കിരീടം; ചരിത്രമെഴുതി 'ജോക്കോവിച്'

ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ജോക്കോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം
നൊവാക് ജോക്കോവിച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമായി/ ട്വിറ്റർ
നൊവാക് ജോക്കോവിച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമായി/ ട്വിറ്റർ

മെല്‍ബണ്‍: ടെന്നീസ് ചരിത്രത്തിലേക്ക് മറ്റൊരു നിര്‍ണായക എയ്‌സ് തൊടുത്ത് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്. പത്താം തവണയും മെല്‍ബണ്‍ പാര്‍ക്കില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന പുരുഷ താരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി ജോക്കോവിച്. 

ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ജോക്കോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം. ആദ്യ സെറ്റ് ജോക്കോ അനായാസം നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റുകള്‍ ടൈബ്രേക്കറിലാണ് നിര്‍ണയിക്കപ്പെട്ടത്. സ്‌കോര്‍: 6-4, 7-6 (7-4), 7-6 (7-5). 

ഹാര്‍ഡ് കോര്‍ട്ടില്‍ തുടര്‍ച്ചയായ 28ാം വിജയമാണ് താരം കുറിച്ചത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്കും സെര്‍ബിയന്‍ ഇതിഹാസം തിരിച്ചെത്തി. 

നദാലിന് ഫ്രഞ്ച് ഓപ്പണ്‍, ഫെഡറര്‍ക്ക് വിംബിള്‍ഡണ്‍ അതുപോലെ ജോക്കോയ്ക്ക് പ്രിയപ്പെട്ട ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ഓസ്ട്രേലിയൻ ഓപ്പണിൽ പത്ത് തവണ ഫൈനലിലെത്തിയ ജോക്കോ, എല്ലാ ഫൈനലിലും വിജയം സ്വന്തമാക്കിയാണ് കളം വിട്ടിട്ടുള്ളത്.

2008ല്‍ ഇതേ വേദിയിലാണ് താരത്തിന്റെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുടെ തുടക്കം. 2011, 12, 13, 15, 16, 19, 20, 21, 23 വര്‍ഷങ്ങളിലും നേട്ടം. അതേ വേദിയില്‍ ഗ്രാന്‍ഡ് സ്ലാം റെക്കോര്‍ഡിനൊപ്പമെത്തി ഒരിക്കല്‍ കൂടി ജോക്കോ തന്റെ ഹാര്‍ഡ് കോര്‍ട്ട് മികവ് അടിവരയിട്ടു. 

ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയാണ് ജോക്കോവിച് ചാമ്പ്യനായത്. 2016, 21 വര്‍ഷങ്ങളില്‍. 

വിംബിള്‍ഡണില്‍ ഏഴ് തവണ കിരീട നേട്ടം. 2011, 14, 15, 18, 19, 21, 22 വര്‍ഷങ്ങളിലാണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 

യുഎസ് ഓപ്പണ്‍ മൂന്ന് തവണയാണ് ജോക്കോ നേടിയത്. 2011, 15, 18 വര്‍ഷങ്ങളില്‍. 

കഴിഞ്ഞ വര്‍ഷം വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കാന്‍ ജോക്കോയ്ക്ക് സാധിച്ചിരുന്നില്ല. കോടതി വരെ കയറേണ്ടി വന്ന അശാന്തമായ നാളുകള്‍ക്ക് ഇത്തവണ കോര്‍ട്ടില്‍ അപാര മികവുമായി കത്തിക്കയറി മറുപടി നൽകിയാണ് ജോക്കോ കിരീടത്തില്‍ മുത്തം ചാര്‍ത്തിയത്.

ഇനി ടെന്നീസ് ലോകത്ത് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം സ്വന്തം പേരില്‍ മാത്രം ആക്കാന്‍ ജോക്കോയും നദാലും തമ്മില്‍ മത്സരിക്കും. റെക്കോര്‍ഡുകള്‍ മാറിമറിയുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com