100ല്‍ എത്താന്‍ 19.5 ഓവര്‍! 'ഞെട്ടിക്കുന്ന പിച്ച്'- ക്യുറേറ്ററുടെ പണി പോയി

ഞെട്ടിക്കുന്ന പിച്ച് എന്നായിരുന്നു മത്സര ശേഷം ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതികരണം
ഇന്ത്യ- ന്യൂസിലൻഡ് മത്സരത്തിൽ നിന്ന്/ പിടിഐ
ഇന്ത്യ- ന്യൂസിലൻഡ് മത്സരത്തിൽ നിന്ന്/ പിടിഐ

ലഖ്‌നൗ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം അരങ്ങേറിയ ലഖ്‌നൗ സ്‌റ്റേഡിയത്തിലെ പിച്ച് ഒരുക്കിയ ക്യുറേറ്ററുടെ പണി പോയി. മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 100 റണ്‍സെന്ന താരതമ്യേന ചെറിയ വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് 19.5 ഓവര്‍ വരെ ബാറ്റ് വീശേണ്ടി വന്നു. ഇതോടെയാണ് ക്യുറേറ്ററെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. 

ഞെട്ടിക്കുന്ന പിച്ച് എന്നായിരുന്നു മത്സര ശേഷം ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതികരണം. പിന്നാലെയാണ് ക്യുറേറ്റര്‍ സുരേന്ദര്‍ കുമാറിനെ പിരിച്ചുവിട്ടത്. സഞ്ജീവ് അഗര്‍വാളാണ് പുതിയ ക്യുറേറ്റര്‍. 

കറുത്ത മണ്ണ് ഉപയോഗിച്ച് രണ്ട് പിച്ചുകള്‍ ക്യുറേറ്റര്‍ ഒരുക്കിയിരുന്നു. കളിക്ക് മൂന്ന് ദിവസം മുന്‍പ് പിച്ചില്‍ ചുവന്ന മണ്ണ് ഇടാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ പിച്ചൊരുക്കാന്‍ സുരേന്ദറിന് സാധിച്ചില്ല. 

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി ദീപക് ഹൂഡയേയും നാലാമനായി ഉപയോഗിച്ചു. ന്യൂസിലന്‍ഡും നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചു. പാര്‍ട് ടൈം സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സും അതില്‍പ്പെടും. ബാറ്റര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും പിച്ച് നല്‍കിയില്ല. മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ് പോലും പിടിച്ചു നില്‍ക്കാന്‍ നന്നേ വിയര്‍ത്തു. 

മത്സര ശേഷം പിച്ചിന്റെ മോശം അവസ്ഥയെ കുറിച്ച് ഹര്‍ദിക് തുറന്നടിച്ചു. ടി20ക്ക് ചേര്‍ന്ന പിച്ചല്ല കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്കുമായി തയ്യാറാക്കിയതെന്ന് ഹര്‍ദിക് വ്യക്തമാക്കി. റാഞ്ചിയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ തോറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com