ഇന്ത്യന്‍ ടീമില്‍ നിന്നു ഒഴിവാക്കി; പിന്നാലെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ശിവം മവി

ചേതേശ്വര്‍ പൂജാര, സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങളെയാണ് മവി പുറത്താക്കിയത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി തലവനായി ചുമതലയേറ്റതിനു പിന്നാലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങളേയും ടീമിലേക്ക് പരിഗണിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലുള്‍പ്പെട്ടിരുന്ന ആറ് താരങ്ങളേയും ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 

ജനുവരി- ഫെബ്രുവരി മാസങ്ങളിലായി അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ടീലുണ്ടായിരുന്ന രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വാഷിങ്ടന്‍ സുന്ദര്‍, പൃഥ്വി ഷാ, ജിതേഷ് ശര്‍മ, ശിവം മവി എന്നിവരെയാണ് ഇത്തവണ പരിഗണിക്കാതെ ഒഴിവാക്കിയത്. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നിവരെയാണ് ടീമിലുള്‍പ്പെടുത്തിയത്. 

ഇപ്പോഴിതാ ഒഴിവാക്കപ്പെട്ടതിനു പിന്നാലെ ദുലീപ് ട്രോഫി പോരാട്ടത്തില്‍ മിന്നും പ്രകടനവുമായി കളം നിറഞ്ഞ് പേസര്‍ ശിവം മവി. പശ്ചിമ മേഖലയും മധ്യമേഖലയും തമ്മിലുള്ള പോരാട്ടത്തിലാണ് മധ്യമേഖല നായകന്‍ കൂടിയായ ശിവം മവിയുടെ മിന്നും പ്രകടനം.. 

മത്സരത്തില്‍ താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. ചേതേശ്വര്‍ പൂജാര, സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങളെയാണ് മവി പുറത്താക്കിയത്. 19.5 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റുകള്‍ മവി വീഴ്ത്തിയത്. ഏഴ് ഓവറുകള്‍ മെയ്ഡനായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് മവി ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റം അവിസ്മരണീയമാക്കാനും താരത്തിനു സാധിച്ചു. കന്നി അന്താരാഷ്ട്ര പോരില്‍ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com