രണ്ട് പുതുമുഖങ്ങള്‍, റഖീം കോണ്‍വാള്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

ഇടംകൈയന്‍ ബാറ്റര്‍മാരും ഇതുവരെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളുമായ കിര്‍ക് മക്കെന്‍സി, അലിക്ക് ആതന്‍സ് എന്നിവരാണ് ടീമിലിടം പിടിച്ചത്
റഖീം കോണ്‍വാള്‍/ ട്വിറ്റർ
റഖീം കോണ്‍വാള്‍/ ട്വിറ്റർ

ഗയാന: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഈ പട്ടികയില്‍ നിന്നായിരിക്കും അന്തിമ ഇലവനെ തിരഞ്ഞെടുക്കുക. രണ്ട് പുതുമുഖ ബാറ്റര്‍മാരും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന റഖീം കോൺവാളിന്റെ സാന്നിധ്യവുമാണ് ടീം തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.  

ഇടംകൈയന്‍ ബാറ്റര്‍മാരും ഇതുവരെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളുമായ കിര്‍ക് മക്കെന്‍സി, അലിക്ക് ആതന്‍സ് എന്നിവരാണ് ടീമിലിടം പിടിച്ചത്. സമീപ കാലത്ത് ബംഗ്ലാദേശ് എ ടീമിനെതിരായ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനായി തിളങ്ങിയ താരങ്ങളാണ് ഇരുവരും. ഈ മികവാണ് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യത ഇരുവര്‍ക്കും തുറന്നു കിട്ടിയത്.  

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഖീം കോണ്‍വാളിനെ ടീമിലേക്ക് മടക്കി വിളിച്ചതാണ് അമ്പരപ്പിച്ച മറ്റൊരു തീരുമാനം. 2021നു ശേഷം ആദ്യമായാണ് താരം വിന്‍ഡീസിനായി ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. ഓള്‍റൗണ്ടര്‍ പട്ടികയില്‍ പെടുത്താവുന്ന താരമാണ് റഖീം കോണ്‍വാള്‍. ടീമിലെ ഫസ്റ്റ് സ്പിന്നറായ ഗുഡാകേഷ് മോട്ടിക്ക് പരിക്കേറ്റതാണ് സ്പിന്നര്‍ കൂടിയായ കോണ്‍വാളിന് വീണ്ടും ടെസ്റ്റ് ടീമില്‍ അവസരം തുറക്കാന്‍ കാരണമായത്. ജോമല്‍ വാറിക്കനും സ്പിന്നറായി ടീമിലുണ്ട്. 

ഈ മാസം 12 മുതലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതലും ആരംഭിക്കും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഇരു ടീമുകളുടേയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സീസണിനും ഈ പോരാട്ടത്തോടെ തുടക്കമാകും.

വെസ്റ്റ് ഇന്‍ഡീസ് ടീം:  ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ജെര്‍മയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് ആതന്‍സ്, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റഖീം കോണ്‍വാള്‍, ജോഷ്വ ഡാ സില്‍വ, ഷാനോന്‍ ഗബ്രിയേല്‍, ജാസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കിര്‍ക് മാക്കെന്‍സി, റയ്മന്‍ റീഫര്‍, കെമര്‍ റോച്, ജോമല്‍ വാറിക്കന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com