'യശസുയര്‍ത്തി യശസ്വി'യുടെ അരങ്ങേറ്റ ശതകം; സെഞ്ച്വറിയടിച്ച് രോഹിതും; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

By സമകാലിക മലയാളം ഡെസ്ക്   |   Published: 14th July 2023 07:53 AM  |  

Last Updated: 14th July 2023 07:53 AM  |   A+A-   |  

yashasvi

യശസ്വി ജയ്‌സ്വാള്‍/ ട്വിറ്റര്‍

 

റോസോ: അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി ചരിത്രത്തിലേക്ക് നടന്നു കയറി യുവ താരം യശസ്വി ജയ്‌സ്വാള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റ് സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍. 

എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് 162 റണ്‍സിന്റെ ലീഡ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. 

കളി നിര്‍ത്തുമ്പോള്‍ 143 റണ്‍സുമായി യശസ്വി പുറത്താകാതെ ബാറ്റിങ് തുടരുന്നു. കൂട്ടിനു വിരാട് കോഹ്‌ലിയാണ് ക്രീസില്‍. മുന്‍ നായകന്‍ 36 റണ്‍സുമായി ബാറ്റിങ് തുടരുന്നു.

350 പന്തുകള്‍ നേരിട്ട് 14 ഫോറുകളുമായാണ് കന്നി അന്താരാഷ്ട്ര ടെസ്റ്റില്‍ യശസ്വി ബാറ്റിങ് തുടരുന്നത്. മൂന്നാം ദിനമായ ഇന്നു താരം ഇരട്ട ശതകത്തിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.  

ഗംഭീര തുടക്കമാണ് രോഹിത്- യശസ്വി ഓപ്പണിങ് സഖ്യം നല്‍കിയത്. രോഹിത് 221 പന്തുകള്‍ നേരിട്ട് 103 റണ്‍സെടുത്തു. ക്യാപ്റ്റന്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. പത്ത് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. സെഞ്ച്വറിക്കു പിന്നാലെ രോഹിതിനെ മടക്കി അലിക്ക് അത്‌നാസെയാണ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 

രോഹിത്- യശസ്വി സഖ്യം 229 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് മടങ്ങിയത്. ടെസ്റ്റില്‍ സമീപ കാലത്തെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്ന സ്‌കോര്‍ കൂടിയാണിത്.

ചേതേശ്വര്‍ പൂജാരയുടെ സ്ഥാനത്തു ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിനു പക്ഷേ തിളങ്ങാന്‍ സാധിച്ചില്ല. താരം 11 പന്തില്‍ ആറ് റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കനാണ് രണ്ടാം വിക്കറ്റ് വീഴ്ത്തിയത്.  

വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 150 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് പോരാട്ടം അവസാനിപ്പിച്ചത്. ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അശ്വിന്‍- ജഡേജ സ്പിന്‍ സഖ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വിന്‍ഡീസ് പെടാപ്പാടുപെട്ടു. 

അരങ്ങേറ്റക്കാരന്‍ അലിക്ക് അത്‌നാസെയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ ഈ നിലയിലെത്തിച്ചത്. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍ നേടിയ ബാറ്റര്‍ എന്നു പറയുമ്പോള്‍ മനസിലാകും അവര്‍ തകര്‍ന്നതിന്റെ ആഴം. 

റഖീം കോണ്‍വാള്‍ 19 റണ്‍സെടുത്തു. ജാസന്‍ ഹോള്‍ഡ് 18 റണ്‍സും ടാഗ് നരെയ്ന്‍ ചന്ദര്‍പോള്‍ 12 റണ്‍സും കണ്ടെത്തി. ജെറമി ബ്ലാക്ക്വുഡ് 14 റണ്‍സും നേടി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. 

അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വിവേചനം വേണ്ട'- ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് സമ്മാനത്തുക ഇനി തുല്യം; ചരിത്ര പ്രഖ്യാപനവുമായി ഐസിസി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ