കോഹ്‌ലിയുടെ സെഞ്ച്വറി, നാല് അര്‍ധ സെഞ്ച്വറികള്‍; ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്
കോഹ്‌ലിയും ജഡേജയും ബാറ്റിങിനിടെ/ പിടിഐ
കോഹ്‌ലിയും ജഡേജയും ബാറ്റിങിനിടെ/ പിടിഐ

പോര്‍ട് ഓഫ് സ്പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 438 റണ്‍സിനു പുറത്ത്. ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ ടാഗ് നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റാണ് വിന്‍ഡീസിനു നഷ്ടമായത്. താരം 33 റണ്‍സെടുത്തു. സഹ ഓപ്പണറും ക്യാപ്റ്റനുമായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 37 റണ്‍സുമായും കിര്‍ക് മക്കെന്‍സി 14 റണ്‍സുമായും ക്രീസില്‍. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിനു 352 റണ്‍സ് കൂടി വേണം. 

വിന്‍ഡീസിനു നഷ്ടമായ ഏക വിക്കറ്റ് ജഡേജ സ്വന്തമാക്കി. ജഡേജയുടെ പന്തില്‍ അശ്വിനു പിടി നല്‍കിയാണ് ടാഗ്‌നരെയ്ന്‍ മടങ്ങിയത്. 

നേരത്തെ 500ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ വിരാട് കോഹ്‌ലി 29ാം ടെസ്റ്റ് സെഞ്ച്വറി നേടി. കോഹ്‌ലിയുടെ 76ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. താരം 206 പന്തുകള്‍ നേരിട്ട് 121 റണ്‍സെടുത്തു. 11 ഫോറുകള്‍ സഹിതമായിരുന്നു ശതകം. 

നേരത്തെ രോഹിത് ശര്‍മ (80), യശസ്വി ജയ്‌സ്വാള്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് മടങ്ങിയത്. പിന്നാലെ രവീന്ദ്ര ജഡേജ (61), അശ്വിന്‍ (56) എന്നിവരും അര്‍ധ സെഞ്ച്വറി നേടി നിര്‍ണായക സംഭാവന നല്‍കി. ഇഷാന്‍ കിഷന്‍ 25 റണ്‍സുമായി മടങ്ങി. 

നാലിന് 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി കോഹ്‌ലിയും ജഡേജയും പോരാട്ടം നയിച്ചു. 159 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. ആദ്യ ദിനം നായകന്‍ രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇവര്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തു. 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇവര്‍ പിരിഞ്ഞത്.

വിന്‍ഡീസിനായി വെറ്ററന്‍ പേസര്‍ കെമര്‍ റോച്, ജോമല്‍ വാറിക്കന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റുകളും ഷാനോന്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com