13 സിക്‌സ്, 55 പന്തില്‍ 137; ചറ പറ അടിച്ചുകൂട്ടി നിക്കോളാസ് പുരൻ; മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് കിരീടം

സിയാറ്റില്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മുംബൈ ഇന്ത്യന്‍സ് 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചെടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡാലസ്: അമേരിക്കയില്‍ അരങ്ങേറിയ മേജര്‍ ലീഗ് ക്രിക്കറ്റ് ടി20 പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ യുഎസ് പതിപ്പായ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്. ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് പ്രഥമ കിരീടം മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് സ്വന്തമാക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 16 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചെടുത്തു വിജയവും കിരീടവും ഉറപ്പിച്ചു. 

മുംബൈ ഇന്ത്യന്‍സ് നായകന്‍ നിക്കോളാസ് പുരന്‍ വമ്പന്‍ വെടിക്കെട്ടുമായി കളം നിറഞ്ഞാടി. 13 സിക്‌സും പത്ത് ഫോറും സഹിതം വെറും 55 പന്തില്‍ പുരന്‍ അടിച്ചെടുത്തത് 137 റണ്‍സ്. പുറത്താകാതെ നിന്ന് വിജയ ലക്ഷ്യം ബൗണ്ടറിടയിച്ച് സ്റ്റൈലായി തന്നെ താരം സ്വന്തമാക്കി. ടീമിനെ മുന്നില്‍ നിന്നു നയിച്ചാണ് ക്യാപ്റ്റന്‍ കിരീട വിജയത്തില്‍ നിര്‍ണായകമായത്. 

കളി അവസാനിക്കുമ്പോള്‍ പത്ത് റണ്‍സുമായി പുരനൊപ്പം ടിം ഡേവിഡ് പുറത്താകാതെ നിന്നു. ഷയാന്‍ ജഹാംഗിര്‍ (10), ഡെവാല്‍ഡ് ബ്രെവിസ് (20), സ്റ്റീവന്‍ ടെയ്‌ലര്‍ (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

ആദ്യം ബാറ്റ് ചെയ്ത സിയാറ്റല്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. താരം 52 പന്തില്‍ നാല് സിക്‌സും ഒന്‍പത് ഫോറും സഹിതം 87 റണ്‍സെടുത്തു. 29 റണ്‍സെടുത്ത ശുഭം രഞ്ജനെ, 21 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരാണ് പിടിച്ചു നിന്നു മറ്റു താരങ്ങള്‍. 

മുംബൈക്കായി ട്രെന്‍ഡ് ബോള്‍ട്ട്, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. റാഷിദ് നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com