'ഞാന്‍ എങ്ങോട്ടും പോകുന്നില്ല, അല്‍ നസറില്‍ സന്തോഷവാന്‍'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

38കാരനായ താരം ഈ സീസണില്‍ ടീമിനായി 16 മത്സരങ്ങള്‍ കളിച്ചു. 14 ഗോളുകളും നേടി. എന്നാല്‍ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചില്ല
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ ട്വിറ്റര്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ ട്വിറ്റര്‍

റിയാദ്: സൗദി അറേബ്യ ക്ലബ് അല്‍ നസറില്‍ തന്നെ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമില്‍ താന്‍ സന്തുഷ്ടനാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. രണ്ടര വര്‍ഷത്തെ കരാറില്‍ കോടികളുടെ പ്രതിഫലത്തിലാണ് താരം സൗദി ക്ലബില്‍ ചേര്‍ന്നത്. ഈ സീസണോടെ ക്ലബ് വിടാന്‍ ക്രിസ്റ്റിയാനോ നീക്കം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. യൂറോപ്യന്‍ ലീഗിലേക്ക് മടങ്ങി വന്നു മറ്റൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ താരം ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. 

38കാരനായ താരം ഈ സീസണില്‍ ടീമിനായി 16 മത്സരങ്ങള്‍ കളിച്ചു. 14 ഗോളുകളും നേടി. എന്നാല്‍ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചില്ല. സൗദി പ്രൊ ലീഗില്‍ അല്‍ ഇത്തിഹാദിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍ ഫിനിഷ് ചെയ്തത്. 

'ഞാന്‍ ഇവിടെ സന്തോഷവാനാണ്. എനിക്ക് ഇവിടെ തുടരാന്‍ തന്നെയാണ് താത്പര്യം. ഞാന്‍ ടീമില്‍ തുടര്‍ന്നും കളിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇവിടെ തന്നെ തുടരാനാണ് ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ ഒന്നായി സൗദി ലീഗ് മാറും.' 

'യൂറോപില്‍ നിന്നു വ്യത്യസ്തമായി ഇവിടെ പരിശീലന സമയത്തില്‍ മാറ്റമുണ്ട്. യൂറോപ്പില്‍ രാവിലെ നടക്കുന്ന പരിശീലന സെക്ഷന്‍ ഇവിടെ വൈകീട്ടാണ്. റമസാന്‍ മാസത്തില്‍ അര്‍ധ രാത്രിയിലാണ് പരിശീലനം എന്നതും പ്രത്യേകതയാണ്. ഇതെല്ലാം എന്നെ സംബന്ധിച്ച് അപരിചിതമാണ്. പക്ഷേ ഇതും ഒരു അനുഭവമാണ്. അത്തരം നിമിഷങ്ങളെ ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. കാരണം ഇത്തരം അനുഭവങ്ങള്‍ ഭാവിയിലെ നല്ല ഓര്‍മകളായിരിക്കും.'

അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി അല്‍ ഹിലാല്‍ ക്ലബിന്റെ റഡാറിലുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെ സഹ താരവുമായിരുന്ന കരിം ബെന്‍സെമയെ ടീമിലെത്തിക്കാന്‍ അല്‍ ഇത്തിഹാദ് ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതിനോടും താരം പ്രതികരിച്ചു. 

'വലിയ താരങ്ങളും യുവ താരങ്ങളും അനുഭവ സമ്പത്തുള്ളവരുമൊക്കെ ഇവിടെ കളിക്കാനെത്തട്ടെ. എല്ലാവരും ഇവിടെ കളിക്കാനെത്തണം. അവരെയെല്ലാം സ്വാഗതം ചെയ്യുന്നു. അത്തരം താരങ്ങള്‍ വരുമ്പോള്‍ ലീഗിന് ഉയര്‍ച്ചയുണ്ടാകും. വയസ് എന്നത് കേവലം നമ്പര്‍ മാത്രമാണ്'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com