ഒലി പോപ്പ് 205, ഡുക്കറ്റ് 182; റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബാറ്റിങ്; അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് വിജയത്തിലേക്ക്

വണ്‍ഡൗണായി ക്രീസിലെത്തിയ ഒലി പോപ്പിന്റെ കന്നി ഇരട്ട ശതകമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പോപ്പിന് മികച്ച പിന്തുണ നല്‍കി ഓപ്പണര്‍ ബെന്‍ ഡുക്കറ്റും ഉജ്ജ്വല സെഞ്ച്വറിയുമായി ബാറ്റു വീശി
പോപ്പ്/ ട്വിറ്റര്‍
പോപ്പ്/ ട്വിറ്റര്‍

ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റ് പരമ്പരയില്‍ വിജയത്തിലേക്ക് ഇംഗ്ലണ്ട് അനായാസം കുതിക്കുന്നു. ഒന്നാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് 172 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അയര്‍ലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്. മൂന്ന് ദിവസം ഇനിയും ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ജയത്തിന്റെ വക്കില്‍. 

വണ്‍ഡൗണായി ക്രീസിലെത്തിയ ഒലി പോപ്പിന്റെ കന്നി ഇരട്ട ശതകമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പോപ്പിന് മികച്ച പിന്തുണ നല്‍കി ഓപ്പണര്‍ ബെന്‍ ഡുക്കറ്റും ഉജ്ജ്വല സെഞ്ച്വറിയുമായി ബാറ്റു വീശി. ഇരുവരും റെക്കോര്‍ഡ് നേട്ടത്തോടെയാണ് ബാറ്റിങ് അവസാനിപ്പിച്ചത്. 

പോപ്പിന്റെ ഈ ഇന്നിങ്‌സ് 41 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡും പഴങ്കഥയാക്കി. ഇംഗ്ലണ്ട് മണ്ണില്‍ ഒരു ടെസ്റ്റില്‍ അതിവേഗം ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന താരമായി പോപ്പ് മാറി. താരം 207 പന്തുകളില്‍ നിന്ന് 205 റണ്‍സാണ് കണ്ടെത്തിയത്. 22 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. 

ഇതിഹാസ താരം ഇയാന്‍ ബോതം സ്ഥാപിച്ച റെക്കോര്‍ഡാണ് പോപ്പ് പഴങ്കഥയാക്കിയത്. ബോതം 220 പന്തുകളില്‍ നിന്നാണ് ഇരട്ട സെഞ്ച്വറി നേടിയത്. 

ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഡുക്കറ്റ് സ്വന്തമാക്കിയത്. താരം 178 പന്തുകള്‍ നേരിട്ട് 24 ഫോറും ഒരു സിക്‌സും സഹിതം 182 റണ്‍സ് അടിച്ചെടുത്തു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ 166 പന്തില്‍ 150 റണ്‍സെന്ന റെക്കോര്‍ഡാണ് ഡുക്കറ്റ് മറികടന്നത്. 

രണ്ടാം വിക്കറ്റില്‍ പോപ്പ്- ഡുക്കറ്റ് സഖ്യം 252 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓപ്പണര്‍ സാക് ക്രൗളി (56), ജോ റൂട്ട് (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മിന്നും ബൗളിങ് പുറത്തെടുത്തു. ജാക്ക് ലീഷ് മൂന്നും മാത്യു പോട്‌സ് രണ്ടും വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com