'പല ലീഗുകളില്‍ പന്ത് തട്ടിയ മികവ്'- സ്ലാട്ടന്‍ ഇബ്രാഹിമോവിച് വിരമിച്ചു

ഹെല്ലാസ് വെറോണക്കെതിരായ സീസണിലെ അവസാന സീരി എ മത്സരം കളിച്ചതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്
സ്ലാട്ടന്‍ ഇബ്രാഹിമോവിച്/ എഎഫ്പി
സ്ലാട്ടന്‍ ഇബ്രാഹിമോവിച്/ എഎഫ്പി

മിലാന്‍: പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച് സ്വീഡന്റെ ഇതിഹാസ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്. എസി മിലാന്‍ താരമായ ഇബ്രാഹിമോവിചിന്റെ കരാര്‍ ഈ മാസത്തോടെ അവസാനിക്കും. പരിക്കു കാരണം ഈ സീസണില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് കരാര്‍ പുതുക്കേണ്ടെന്നും സജീവ ഫുട്‌ബോളില്‍ നിന്നു വിരമിക്കാനും 41കാരന്‍ തീരുമാനിച്ചത്. ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് താരം പരിഗണിക്കപ്പെടുന്നത്. 

മുന്‍പും എസി മിലാനില്‍ കളിച്ചിട്ടുള്ള താരം 2020ലാണ് വീണ്ടും ടീമിലെത്തിയത്. ഹെല്ലാസ് വെറോണക്കെതിരായ സീസണിലെ അവസാന സീരി എ മത്സരം കളിച്ചതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ 3-1ന് എസി മിലാന്‍ വിജയിച്ചിരുന്നു. 

സ്വീഡനായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഇബ്രാഹിമോവിച്. 121 മത്സരങ്ങളില്‍ നിന്നു 62 ഗോളുകള്‍ ദേശീയ ടീമിനായി താരം നേടി. എറെഡിവിസി, ഇറ്റാലിയൻ സീരി എ, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, സ്പാനിഷ് ലാ ലി​ഗ, ഫ്രഞ്ച് ലീ​ഗ് വൺ, മേജർ ലീ​ഗ് സോക്കർ തുടങ്ങി ലോകത്തെ വിവിധ ലീ​ഗുകൾ പന്തു തട്ടിയ അപൂർവം താരങ്ങളിൽ ഒരാളാണ് ഇബ്രാഹിമോവിച്.

1999ല്‍ മാല്‍മോ എഫ്എഫിലൂടെയാണ് താരം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടക്കം കുറിക്കുന്നത്. 2001ല്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിലെത്തി. പിന്നീട് യുവന്റസ്, ബാഴ്‌സലോണ, പാരിസ് സെന്റ് ജെര്‍മെയ്ന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ലാ ഗാലക്‌സി, എസി മിലാന്‍, ഇന്റര്‍ മിലാന്‍ ടീമുകള്‍ക്കായും കളിച്ചു. ഈ ടീമുകള്‍ക്കൊപ്പം നിരവധി കിരീട നേട്ടങ്ങളിലും താരം പങ്കാളിയായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com