

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെ വിമര്‍ശിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. വിരാട് കോഹ്‌ലിയുടെ പ്രകടനം എടുത്തു പറഞ്ഞായിരുന്നു ഗാവസ്‌കറുടെ വിമര്‍ശനം. ഷോട്ട് സെലക്ഷനിലെ പോരായ്മകളാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ വന്‍ പരാജയത്തിന് കാരണമെന്ന് ഇതിഹാസം വിലയിരുത്തുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു കോഹ്‌ലി അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് പിടി നല്‍കി മടങ്ങിയിരുന്നു. മികച്ച ക്യാച്ചിലൂടെയാണ് സ്മിത്ത് കോഹ്‌ലിയെ മടക്കിയത്.
'അതൊരു മോശം ഷോട്ടായിരുന്നു. ഒരു സാധാരണ ഷോട്ട്. നിങ്ങള്‍ ആ ഷോട്ടിനെക്കുറിച്ച് എന്നോടാണ് ചോദിക്കുന്നത്. നിങ്ങള്‍ കോഹ്‌ലിയോടാണ് ഈ ചോദ്യം ചോദിക്കേണ്ടത്. എന്താണ് ആ ഷോട്ട്? ഓഫ് സ്റ്റമ്പിനു പുറത്തേക്കു പോയ ഷോട്ടാണ് അത്. ഒരു മത്സരം ജയിക്കണമെങ്കില്‍ നീണ്ട ഇന്നിങ്‌സുകള്‍ കളിക്കേണ്ടത് ആവശ്യമാണ്. ഒരു ശതകം നേടണം. ഓഫ് സ്റ്റമ്പിന് പുറത്തേക്കുള്ള ഇത്തരം ഷോട്ടുകള്‍ കളിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ സെഞ്ച്വറി നേടും.'
'അര്‍ധ സെഞ്ച്വറി പോലെയുള്ള ഒരു നാഴികക്കല്ലിനു തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ ഇത്തരം ഷോട്ടുകള്‍ തിരഞ്ഞെടുക്കരുതെന്ന ബോധമുണ്ടായിരിക്കണം. പലര്‍ക്കും ഇതു തന്നെ സംഭവിച്ചു. ആദ്യ ഇന്നിങ്‌സില്‍ ജഡേജ 48 റണ്‍സുമായി നില്‍ക്കെ അത്തരമൊരു പന്ത് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്.'
'ഇത്തരത്തില്‍ ബാറ്റിങ് നിര തകരുന്നത് പരിഹാസ്യമാണ്. ചിലപ്പോള്‍ മാത്രം സാധാരണ ഷോട്ടുകള്‍ കണ്ടു. എന്നാല്‍ അപകടം പിടിച്ച ഷോട്ടുകള്‍ കളിച്ച് നിങ്ങള്‍ എങ്ങനെ ഒരു മത്സരം ജയിക്കുമെന്ന് പ്രതീക്ഷിക്കും. എട്ട് വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ഒരു സെഷന്‍ പോലും മുഴുമിപ്പിക്കാന്‍ സാധിച്ചില്ല.'
ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനേയും ഗാവസ്‌കര്‍ വിമര്‍ശിച്ചു. ടീമിന്റെ പ്രകടനത്തെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തണമെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി.
'മറ്റുള്ള ടീമിലെ താരങ്ങളുടെ ശരാശരിയുടെ കാര്യമല്ല ദ്രാവിഡ് നോക്കേണ്ടത്. സ്വന്തം ടീമിന്റെ കാര്യമാണ് അദ്ദേഹം പറയേണ്ടത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശരാശരിയില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നത്. അതു പരിഹരിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് ബാറ്റര്‍മാര്‍ ഈ തരത്തില്‍ പരാജയപ്പെടുന്നത് എന്നു പരിശോധിക്കണം.'
'ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ ഇവരെല്ലാം രാജാക്കന്‍മാരാണ്. വിദേശത്തെ ഫ്‌ലാറ്റ് പിച്ചുകളിലും. അതിനാല്‍ സത്യസന്ധമായ സ്വയം വിലയിരുത്തലാണ് വേണ്ടത്. ഒരു ടീം തോല്‍ക്കും ഒരു ടീം ജയിക്കും എന്നുറപ്പാണ്. എന്നാല്‍ എങ്ങനെ തോല്‍ക്കുന്നു എന്നതാണ് കാര്യം. നിലവിലെ താരങ്ങള്‍ വിമര്‍ശനത്തിന് അതീതരല്ല. അല്ലാതെ എല്ലാ പരവതാനിയുടെ അടിയില്‍ ഇട്ടു മൂടുകയല്ല വേണ്ടത്'- ഗാവസ്‌കര്‍ തുറന്നടിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
ലോകകപ്പ് 'ബ്ലോക്ക്ബസ്റ്റര്‍' മോദി സ്‌റ്റേഡിയത്തില്‍; ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 15ന്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates