'സുരക്ഷ ഉള്‍പ്പെടെ എല്ലാം നോക്കണം'- ഇന്ത്യയിലെ ലോകകപ്പ് പങ്കാളിത്തത്തില്‍ പാക് സര്‍ക്കാര്‍

പാകിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച് ക്രിക്കറ്റ് ബോര്‍ഡിനു മാത്രമായി തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ചെയര്‍മാന്‍ നജാം സേത്തി മുന്നോട്ടു വച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: ഇന്ത്യയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ പങ്കാളിത്തം സംബന്ധിച്ച് ഇതാദ്യമായി പ്രതികരിച്ച് പാക് സര്‍ക്കാര്‍. ടീമിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ വിഷയത്തില്‍ നിര്‍ണായകമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

പാകിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച് ക്രിക്കറ്റ് ബോര്‍ഡിനു മാത്രമായി തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ചെയര്‍മാന്‍ നജാം സേത്തി മുന്നോട്ടു വച്ചത്. സര്‍ക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ ഷെഡ്യൂളടക്കം തീരുമാനിക്കാവു എന്നു ഐസിസിയെ പാക് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചിരുന്നു.  

ഇന്ത്യയിലേക്കുള്ള പാകിസ്ഥാന്റെ വരവ് സംബന്ധിച്ചു അന്തിമ നിലപാട് വന്നാല്‍ മാത്രമേ ലോകകപ്പിലെ മത്സര ക്രമമമടക്കമുള്ളവയില്‍ ഐസിസിക്ക് തീരുമാനം എടുക്കാന്‍ സാധിക്കു. മത്സരക്രമത്തിന്റെ കരട് ബിസിസിഐ ഐസിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. 

ഏഷ്യാ കപ്പ് ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന കടുത്ത നിലപാട് ബിസിസിഐ എടുത്തത് പാക് ക്രിക്കറ്റ് അധികൃതരെ വെട്ടിലാക്കിയിരുന്നു. പിന്നാലെ ലോകകപ്പ് ബഹിഷ്‌കരണമടക്കമുള്ള ഭീഷണികളുമായി പാക് ക്രിക്കറ്റ് രംഗത്തെത്തി. ഗത്യന്തരമില്ലാതെ പാക് അധികൃതര്‍ ഹൈബ്രിഡ് രീതിയില്‍ ഏഷ്യാ കപ്പ് കളിക്കാമെന്നു സമ്മതിച്ചതോടെയാണ് വിഷയത്തില്‍ അനുരഞ്ജന വഴി തുറന്നത്. ഇതനുസരിച്ച് പാകിസ്ഥാനില്‍ നാല് മത്സരങ്ങളും ഇന്ത്യയുടെ മത്സരങ്ങളടക്കം ഒന്‍പത് പോരാട്ടങ്ങള്‍ ശ്രീലങ്കയിലുമായാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ഫോര്‍മുലകള്‍ സമ്മതിക്കേണ്ടി വന്നതിന്റെ പ്രതിഷേധമടക്കമാണ് ഇപ്പോഴത്തെ പാക് നിലപാടുകള്‍. 

ഫോര്‍മുല അംഗീകരിച്ച് ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലെത്താം എന്നു ഉറപ്പു നല്‍കിയെങ്കിലും പിന്നാലെ മോദി സ്റ്റേഡിയം, ചിന്നസ്വാമി, ചെപ്പോക്ക് സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന നിലപാടും അവര്‍ എടുത്തു. ഇക്കാര്യത്തിലെല്ലാം ഇനിയും തീരുമാനമാകേണ്ടതുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com