'ഹരാരെയില്‍ പൂത്ത ഓറഞ്ച്'- 4,6,4,6,6,4 'മാന്ത്രികന്‍ വാന്‍ ബീക്!' വീന്‍ഡീസിനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സിന്റെ വന്‍ അട്ടിമറി (വീഡിയോ)

തേജ നിദമനുരു- ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേഡ്‌സ് സഖ്യം വിന്‍ഡീസിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താന്‍ തുടങ്ങിയതോടെ കളിയുടെ ഗതി മാറി മറിഞ്ഞു
സൂപ്പർ ഓവറിൽ വാൻ ബീകിന്റെ ബാറ്റിങ്/ ട്വിറ്റർ
സൂപ്പർ ഓവറിൽ വാൻ ബീകിന്റെ ബാറ്റിങ്/ ട്വിറ്റർ

ഹരാരെ: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മഹത്തായ വിജയങ്ങളിലൊന്നു സ്വന്തമാക്കി നെതര്‍ലന്‍ഡ്‌സ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചു. 

ആവേശത്തിന്റെ എല്ലാ കാഴ്ചകളും സമം ചേര്‍ത്ത് അത്യുജ്വല പോരാട്ടമായിരുന്നു ഓറഞ്ച് പട പുറത്തെടുത്തത്. വിന്‍ഡീസ് മുന്നില്‍ വച്ച ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം കൂസാതെ പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെന്ന അതേ സ്‌കോര്‍ നേടി. പോരാട്ടം ഒപ്പത്തിനൊപ്പം.

മത്സരം സൂപ്പര്‍ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയത് നെതർലൻഡ്സ്. വിൻഡീസിന്റെ ജാസന്‍ ഹോള്‍ഡര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ലോഗന്‍ വാന്‍ ബീക് അടിച്ചെടുത്തത് 30 റണ്‍സ്! 4,6,4,6,6,4- ആറ് പന്തുകളും വാന്‍ ബീക് അതിര്‍ത്തി കടത്തി. വിന്‍ഡീസിന്റെ ലക്ഷ്യം 31 റണ്‍സ്. 

ജോണ്‍സന്‍ ചാള്‍സും ഷായ് ഹോപും ബാറ്റുമായി എത്തി. ഓവര്‍ എറിഞ്ഞതും വാന്‍ ബീക് തന്നെ. ആദ്യ പന്തില്‍ ചാള്‍സിന്റെ സിക്‌സ്. രണ്ടും മൂന്നും പന്തുകളില്‍ സിംഗിളുകള്‍. നാലാം പന്തില്‍ ചാള്‍സിനെ പുറത്താക്കിയ വാന്‍ ബീക് അഞ്ചാം പന്തില്‍ പകരമെത്തിയ റമാരിയോ ഷെഫേര്‍ഡിനേയും മടക്കി. അഞ്ച് പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു വിന്‍ഡീസ് സമ്പാദ്യം. 

വന്‍ അട്ടിമറി നടത്തി നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ സിക്‌സിലേക്ക്. തോല്‍വിയോടെ വിന്‍ഡീസിന്റെ ലോകകപ്പ് ഫൈനല്‍ റൗണ്ട് ഉറപ്പിക്കാനുള്ള ശ്രമവും തുലാസിലായി. 

ടോസ് നേടി നെതര്‍ലന്‍ഡ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാളി. ബാറ്റിങിന് ഇറങ്ങിയ വിന്‍ഡീസിന്റെ ആദ്യ അഞ്ച് ബാറ്റര്‍മാരും എട്ടാമനായി എത്തിയ കീമോ പോളിന്റെ വെടിക്കെട്ടും വിന്‍ഡീസിന് വന്‍ സ്‌കോര്‍ സമ്മാനിച്ചു. 

നിക്കോളാസ് പുരന്‍ ശതകവുമായി പുറത്താകാതെ നിന്നു. 65 പന്തുകള്‍ നേരിട്ട് പുരന്‍ 104 റണ്‍സുകള്‍ അടിച്ചെടുത്തു. ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതമായിരുന്നു പുരന്റെ വെടിക്കെട്ട്. 

സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപ്പണിങ് താരങ്ങളായ ബ്രണ്ടന്‍ കിങും (76), ജോണ്‍സന്‍ ചാള്‍സും കളം നിറഞ്ഞു. ചാള്‍സ് 54 റണ്‍സ് കണ്ടെത്തി. പിന്നീടെത്തിയ ഷമ്ര ബ്രൂക്‌സ് 25 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഷായ് ഹോപ് 47 റണ്‍സെടുത്തു.

എട്ടാമനായി എത്തിയ കീമോ പോള്‍ 25 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സ് വാരി ടീം സ്‌കോര്‍ ഈ നിലയ്‌ക്കെത്തിക്കുന്നതില്‍ നിര്‍ണായകമായി. 

മറുപടിയും അതേ നാണയത്തില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് നല്‍കി. എന്നാല്‍ ആദ്യ നാല് ബാറ്റര്‍മാര്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ പുറത്തായത് നെതര്‍ലന്‍ഡിസിന് ആശങ്ക സമ്മാനിച്ചു. 

വിക്രംജിത് സിങ് (37), മാക്‌സ് ഓ ഡൗഡ് (36), വെസ്ലി ബരെസി (27), ബാസ് ഡെ ലീഡ് (33) എന്നിവരെല്ലാം മികവോടെ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച തേജ നിദമനുരു- ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേഡ്‌സ് സഖ്യം വിന്‍ഡീസിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താന്‍ തുടങ്ങിയതോടെ കളിയുടെ ഗതി മാറി മറിഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 143 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

തേജ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങി. താരം 76 പന്തില്‍ 111 റണ്‍സ് കണ്ടെത്തി. 11 ഫോറും മൂന്ന് സിക്‌സും തൂക്കി. എഡ്വേര്‍ഡ്‌സ് 47 പന്തില്‍ 67 റണ്‍സെടുത്തു. 

എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീണത് നെതര്‍ലന്‍ഡ്‌സിനെ പിന്നെയും പ്രതിരോധത്തിലാക്കി. എന്നാല്‍ വാന്‍ ബീക്- ആര്യന്‍ ദത്ത് എന്നിവരുടെ അവസരോചിത ബാറ്റിങ് നെതരലന്‍ഡിനെ വിജയത്തിന്റെ വക്കിലെത്തിച്ചു. എന്നാല്‍ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ വാന്‍ ബീക് ഔട്ടായതോടെ മത്സരം 374 റണ്‍സില്‍ അവസാനിച്ചു. പോരാട്ടം സമനില. പിന്നാലെയായിരുന്നു വാന്‍ ബീക് തുടരെ ഫോറും സിക്‌സും തൂക്കി നെതര്‍ലന്‍ഡ്‌സിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com