മുംബൈ: ഇന്ത്യയിൽ അരങ്ങേറാനൊരുന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാൻ പങ്കാളിത്തം സംബന്ധിച്ച എല്ലാ ആശങ്കകൾക്കും അവസാനം. ബിസിസിഐ സമർപ്പിച്ച കരട് മത്സരക്രമമനുസരിച്ചു തന്നെ പാകിസ്ഥാൻ ഇന്ത്യയിലെ ഏതു വേദിയിലും കളിക്കാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അനിശ്ചിതത്വത്തിനു വിരാമമായതോടെ ലോകകപ്പ് ഷെഡ്യൂൾ ഐസിസി ഉടൻ തന്നെ പ്രസിദ്ധീകരിച്ചേക്കും.
ബിസിസിഐ സമർപ്പിച്ച കരട് മത്സരക്രമത്തിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചതു. എന്നാൽ മോദി സ്റ്റേഡിയത്തിൽ കളിക്കാൻ സാധിക്കില്ലെന്ന് പാക് ക്രക്കറ്റ് അധികൃതർ വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അഹമ്മദാബാദ് വേദി മാത്രമായിരുന്നില്ല അവർ തടസം നിന്നത്.
ഓസ്ട്രേലിയക്കെതിരായ ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലെ മത്സരവും അഫ്ഗാനിസ്ഥാനെതിരായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ മത്സര വേദികളും മാറ്റണമെന്ന നിർദ്ദേശം അവർ വച്ചിരുന്നു. ഇന്ത്യക്കെതിരെ രാഷ്ട്രീയ കാരണങ്ങളാൽ അഹമ്മദാബാദിൽ മത്സരിക്കാൻ സാധിക്കില്ലെന്നും ഈ പോരാട്ടം ചെന്നൈ, ബംഗളൂരു, കൊൽക്കത്ത വേദികളിലൊന്നിൽ നടത്തണമെന്നും പാക് ബോർഡ് നിലപാടെടുത്തു. എന്നാൽ ഇതൊന്നും ഐസിസിയും ബിസിസിഐയും അംഗീകരിച്ചില്ല.
ലോകകപ്പ് മത്സര ക്രമം നാളെ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ബിസിസിഐയോടു അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പാക് ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും അവരുടെ മത്സരങ്ങളെല്ലാം കരട് പട്ടികയിൽ പറഞ്ഞ വേദികളിൽ തന്നെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. 1,30,000 പേർക്ക് കളി കാണാൻ സാധിക്കുന്ന സ്റ്റേഡിയത്തിൽ തന്നെ ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടം വയ്ക്കാനും ഇതൊരു കാരണമാണ്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിൽക്കപ്പെടുമെന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യ- പാക് പോരാട്ടം അഹമ്മദാബാദിൽ നിന്നു മാറ്റാൻ ഐസിസി ഒരുക്കമാകില്ല. അഹമ്മദാബാദിനു പുറമെ ഈ പോരാട്ടത്തിനായി ചർച്ചയിൽ വന്ന വേദികൾ ലഖ്നൗ, കൊൽക്കത്ത എന്നിവയാണ്. എന്നാൽ അഹമ്മദാബാദ് തന്നെ മതിയെന്ന് അന്തിമമായി ഉറപ്പിച്ചു. കാരണം മത്സരം കാണാൻ നിരവധി വിവിഐപികൾ എത്തുമെന്നു ഉറപ്പാണ്. ബിസിസിഐ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates