ഇന്ത്യന്‍ ഹോക്കിയില്‍ ഇനി നവീന തന്ത്രങ്ങള്‍; ക്രെയ്ഗ് ഫുള്‍ട്ടന്‍ പുതിയ പരിശീലകന്‍

ബെല്‍ജിയം ടീമിന്റെ സമീപകാലത്തെ മികച്ച നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് ഫുള്‍ട്ടന്‍
ക്രെയ്​ഗ് ഫുൾട്ടൻ/ ട്വിറ്റർ
ക്രെയ്​ഗ് ഫുൾട്ടൻ/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പുതിയ പരിശീലകനായി ദക്ഷിണാഫ്രിക്കക്കാരന്‍ ക്രെയ്ഗ് ഫുള്‍ട്ടനെ നിയമിച്ചു. ഓസ്‌ട്രേലിയക്കാരന്‍ ഗ്രഹാം റീഡ് പരിശീലക സ്ഥാനം അടുത്തിടെ രാജി വച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ഫുള്‍ട്ടന്‍ എത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബെല്‍ജിയം ടീമിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു 48 കാരനായ ഫുള്‍ട്ടന്‍. 

ബെല്‍ജിയം ടീമിന്റെ സമീപകാലത്തെ മികച്ച നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് ഫുള്‍ട്ടന്‍. 2018ല്‍ ബെല്‍ജിയം ലോകകപ്പ് സ്വന്തമാക്കുമ്പോഴും പിന്നാലെ ഒളിംപിക്‌സ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്പോഴും ടീമിനായി തന്ത്രമൊരുക്കുന്നതില്‍ ഫുള്‍ട്ടനും പങ്കുണ്ട്. 

'ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടത് വലിയ അംഗീകരമാണ്. കായിക രംഗത്ത് ഇന്ത്യക്ക് ആഴത്തിലുള്ള ചരിത്രവും പാരമ്പര്യവുമുണ്ട്. കഴിവുള്ള മികച്ച ടീമാണ് നിലവില്‍ ഇന്ത്യയുടേത്. ആ മികവ് ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി പരിശീക രംഗത്തുള്ള ആളാണ് ഫുള്‍ട്ടന്‍. 2020-21 സീസണില്‍ ബെല്‍ജിയം ഹോക്കി ലീഗില്‍ കെഎച്‌സി ഡ്രാഗണ്‍സിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നാലെ ബെല്‍ജിയം കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഫുള്‍ട്ടന്‍ സ്വന്തമാക്കി. 

ഇംഗ്ലീഷ് ക്ലബ് ചെംസ്‌ഫോര്‍ഡിന്റെ പരിശീലകനായാണ് അദ്ദേഹം കോച്ചിങ് കരിയര്‍ തുടങ്ങിയത്. പിന്നീടെ അയര്‍ലന്‍ഡ് ടീം പെംബ്രോക് വാണ്ടേഴ്‌സിന്റെ പരിശീലകനായി ടീമിനെ രണ്ട് തവണ നാഷണല്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. 

പിന്നാലെ അയര്‍ലന്‍ഡ് ദേശീയ ഹോക്കി ടീമിന്റെ കോച്ചായി ഫുള്‍ട്ടന്‍ നിയമിതനായി. 2014 മുതല്‍ 2018 വരെയായിരുന്നു അയര്‍ലന്‍ഡിനെ ഫുള്‍ട്ടന്‍ പരിശീലിപ്പിച്ചത്. 100 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അയര്‍ലന്‍ഡിന് ഒളിംപിക്‌സ് യോഗ്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. 2016ലെ റിയോ ഒളിംപിക്‌സിലാണ് 100 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അയര്‍ലന്‍ഡ് യോഗ്യത നേടിയത്. 2015ല്‍ മികച്ച പരിശീലകനുള്ള ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ (എഫ്‌ഐഎച്) പുരസ്‌കാരവും ഫുള്‍ട്ടന്‍ നേടി. 

പത്ത് വര്‍ഷം ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ഫുള്‍ട്ടന്‍. മധ്യനിര, മുന്നേറ്റ താരമായിരുന്ന അദ്ദേഹം 
195 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 1996ലെ അറ്റ്‌ലാന്റ, 2004ലെ ഏഥന്‍സ് ഒളിംപിക്‌സുകളില്‍ രാജ്യത്തിനായി കളത്തിലിറങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com