ആദ്യം ഇരട്ട സെഞ്ച്വറി, പിന്നാലെ സെഞ്ച്വറി; 12 വര്‍ഷം തകരാതെ നിന്ന റെക്കോര്‍ഡ്; ധവാനെ മറികടന്ന് യശസ്വി ജയ്‌സ്വാള്‍

12 വര്‍ഷമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. തന്റെ റെക്കോര്‍ഡ് തകര്‍ത്ത യശസ്വിയെ ധവാന്‍ അഭിനന്ദിക്കുകയും ചെയ്തു
യശസ്വി ജയ്‌സ്വാള്‍/ ട്വിറ്റർ
യശസ്വി ജയ്‌സ്വാള്‍/ ട്വിറ്റർ

ഭോപ്പാല്‍: മധ്യപ്രദേശിനെ തകര്‍ത്ത് ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം റെസ്റ്റ് ഓഫ് ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ തിളങ്ങിയത് യശസ്വി ജയ്‌സ്വാളാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയാണ് താരം ടീമിന്റെ നെടും തൂണായത്. മികച്ച ബാറ്റിങിലൂടെ താരം ഒരു റെക്കോര്‍ഡും സ്വന്തമാക്കി. 

ഇറാനി കപ്പിലെ ഒറ്റ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡാണ് യശസ്വി സ്വന്തം പേരിലാക്കിയത്. 12 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് യശസ്വി ജയ്‌സ്വാള്‍ മാറ്റിയെഴുതിയത്. 12 വര്‍ഷമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. തന്റെ റെക്കോര്‍ഡ് തകര്‍ത്ത യശസ്വിയെ ധവാന്‍ അഭിനന്ദിക്കുകയും ചെയ്തു.

മധ്യപ്രദേശിനെതിരായ പോരാട്ടത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി താരം 259 പന്തുകള്‍ നേരിട്ട് 213 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 155 പന്തുകള്‍ നേരിട്ട് യശസ്വി 144 റണ്‍സും കണ്ടെത്തി. രണ്ടിന്നിങ്‌സിലുമായി താരം 357 റണ്‍സാണ് അടിച്ചെടുത്തത്. 

2011-12 സീസണില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി രാജസ്ഥാനെതിരെയായിരുന്നു ധവാന്റെ പ്രകടനം. അന്ന് രണ്ടിന്നിങ്‌സിലുമായി താരം 332 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോര്‍ഡാണ് യശസ്വി മാറ്റിയെഴുതിയത്.

മത്സരത്തില്‍ മധ്യപ്രദേശിനെ 238 റണ്‍സിന് തകര്‍ത്താണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് കിരീടം നിലനിര്‍ത്തിയത്. യശസ്വിയുടെ ഇരട്ട സെഞ്ച്വറി കരുത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 484 റണ്‍സും താരത്തിന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സുമാണ് കണ്ടെത്തിയത്. മറുപടി ബാറ്റിങില്‍ മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 294 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 436 റണ്‍സായിരുന്നു മധ്യപ്രദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവരുടെ പോരാട്ടം 198 റണ്‍സില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com