'അടിച്ചു തകര്‍ക്കാന്‍ എല്ലാ സ്വാതന്ത്ര്യവും ടീം നല്‍കുന്നു'- മികവിന്റെ കാരണം വ്യക്തമാക്കി ഹെയ്‌ലി

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയിലെ വേഗം കുറഞ്ഞ പിച്ചിലാണ് കളിച്ചത്. അതിനെ അപേക്ഷിച്ച് ഇന്ത്യയിലെ പിച്ച് ബാറ്റിങിന് അനുകൂലമാണെന്നും അവര്‍ വ്യക്തമാക്കി
ഹെയ്ലി മാത്യൂസ് ബാറ്റിങിനിടെ/ പിടിഐ
ഹെയ്ലി മാത്യൂസ് ബാറ്റിങിനിടെ/ പിടിഐ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ആധികാരിക വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ട് പോരിലും നിര്‍ണായക താരമായി മാറിയത് വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസാണ്. ആദ്യ മത്സരത്തില്‍ 31 പന്തില്‍ 47 റണ്‍സ് അടിച്ചെടുത്തപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയത്. 38 പന്തില്‍ 77 റണ്‍സുമായി താരം പുറത്താകാതെ നിന്നു. രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഓള്‍റൗണ്ട് പ്രകടനമാണ് താരം പുറത്തെടുത്തത്. 

രണ്ട് മത്സരത്തിലും മികവ് പുലര്‍ത്താന്‍ സാധിച്ചത് ടീമിന്റെ ആഴവും പരപ്പും അത്രയ്ക്കുള്ളതിനാലാണെന്ന് പറയുകയാണ് ഹെയ്‌ലി. മികച്ച താരങ്ങളുള്ള ടീമിന്റെ ബാറ്റിങ് കരുത്ത് അത്രയ്ക്കുണ്ടെന്നും അതിനാല്‍ തന്നെ നിര്‍ഭയമായി കളിക്കാന്‍ അത് അവസരം ഒരുക്കുന്നുവെന്നും ഹെയ്‌ലി വ്യക്തമാക്കി. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയിലെ വേഗം കുറഞ്ഞ പിച്ചിലാണ് കളിച്ചത്. അതിനെ അപേക്ഷിച്ച് ഇന്ത്യയിലെ പിച്ച് ബാറ്റിങിന് അനുകൂലമാണെന്നും അവര്‍ വ്യക്തമാക്കി. 

'ടീമില്‍ മികച്ച താരങ്ങള്‍ നിരവധിയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രകാശിപ്പിക്കാനുള്ള അവസരം ടീമില്‍ ലഭിക്കുന്നു. സ്വതന്ത്രമായി ബാറ്റ് വീശാനും ഇവിടെ അവസരം ലഭിക്കുന്നു.' 

'കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ കഠിന പരിശീലനത്തിലായിരുന്നു. വലിയ സ്‌കോറുകള്‍ നേടുക ലക്ഷ്യമിട്ട് ബാറ്റിങില്‍ നന്നായി ശ്രദ്ധ ചെലുത്തി. ദക്ഷിണാഫ്രിക്കയില്‍ കളിച്ചതിനേക്കാള്‍ മികച്ച ബാറ്റിങ് വിക്കറ്റ് ഇവിടെയുണ്ട്. അത് ആത്മവിശ്വാസമുയര്‍ത്തി. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേത് മികച്ച ബാറ്റിങ് പിച്ചാണ്. 170- 180 വരെ സ്‌കോറുകള്‍ അനായാസം ചെയ്‌സ് ചെയ്ത് പിടിക്കാം. എനിക്ക് നാറ്റിനും (നാറ്റ് സിവര്‍) മികച്ച രീതിയില്‍ തന്നെ മത്സരം വിജയിപ്പിക്കാന്‍ സാധിച്ചു.' 

'ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ എന്നെ ടീമിലേക്ക് എത്തിച്ചതില്‍ സന്തോഷമുണ്ട്. ബൗളിങിലും മികച്ച ഓപ്ഷനുകള്‍ ടീമിനുണ്ട്. ആദ്യ മത്സരത്തില്‍ എനിക്ക് അധികം ബൗള്‍ ചെയ്യേണ്ടി വന്നില്ല. ഒറ്റ ഓവര്‍ മാത്രമാണ് എറിഞ്ഞത്. എന്നാല്‍ ഇന്നലെ എനിക്ക് നാലോവര്‍ പന്തെറിയേണ്ടി വന്നു. അതാണ് മുംബൈ ഇന്ത്യന്‍സ് എന്ന ടീമിനെ മനോഹരമാക്കുന്നത്.' 

'വിന്‍ഡീസിനായി നിരവധി ഉത്തരവാദിത്വങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ എനിക്കുണ്ട്. ആ അനുഭവങ്ങള്‍ ഇവിടെ തുണയായി. കരിയറിന്റെ തുടക്കത്തില്‍ ടി20യില്‍ ബാറ്റ് വീശേണ്ട രീതി സംബന്ധിച്ച് ചില അങ്കലാപ്പുകള്‍ എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ അത്തരം പ്രശ്‌നങ്ങളില്ല. അന്താരാഷ്ട്ര പോരാട്ടങ്ങളിലെ അനുഭവമാണ് മാറ്റത്തിന്റെ അടിസ്ഥാനം'- ഹെയ്‌ലി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com