അപരാജിതം മുംബൈ ഇന്ത്യൻസ്; ഡൽഹി ക്യാപിറ്റൽസിനേയും വീഴ്ത്തി മുന്നോട്ട്

ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും ഹെയ്‌ലി മാത്യൂസും മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്
വിജയ ശേഷം ക്യാപ്റ്റൻ ഹർമൻപ്രീതും നാറ്റ് സിവറും/ പിടിഐ
വിജയ ശേഷം ക്യാപ്റ്റൻ ഹർമൻപ്രീതും നാറ്റ് സിവറും/ പിടിഐ

മുംബൈ: വനിതാ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന്റെ അപരാജിത കുതിപ്പിന് തടയിടാൻ ഡൽഹി ക്യാപിറ്റൽസിനും ആയില്ല. ടൂർണമെന്റിലെ കരുത്തരുടെ നേർക്കുനേർ പോരിൽ മുംബൈ എട്ട് വിക്കറ്റിന് ഡൽ​ഹിയെ വീഴ്ത്തി. ഡൽ​ഹിയുടെ ആദ്യ തോൽവിയാണിത്. ഡൽഹി ഉയർത്തിയ 106 റൺസ് വിജയ ലക്ഷ്യം മുംബൈ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 15 ഓവറിൽ 109 റൺസെടുത്ത് മറികടന്നു. വനിതാ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. 

ഡല്‍ഹി ഉയര്‍ത്തിയ 106 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് മുംബൈ അനായാസം ബാറ്റേന്തി. ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും ഹെയ്‌ലി മാത്യൂസും മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ച ഇരുവരും സ്‌കോര്‍ 50 കടത്തി. ടീം സ്‌കോര്‍ 65ല്‍ നില്‍ക്കേ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 32 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത യസ്തിക ഭാട്ടിയയെ താര നോറിസാണ് പുറത്താക്കിയത്.

പിന്നാലെ 32 റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസും പുറത്തായി. എന്നാല്‍ നാറ്റ് സിവര്‍ ബ്രണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മുംബൈയെ വിജയത്തിലെത്തിച്ചു. സിവര്‍ ബ്രണ്ട് 23 റണ്‍സെടുത്തും ഹര്‍മന്‍പ്രീത് കൗര്‍ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

മുംബൈക്ക് നഷ്ടമായ രണ്ട് വിക്കറ്റുകൾ താര നോറിസ്, അലിസ് കാപ്സി എന്നിവർ പങ്കിട്ടു.

നേരത്തെ ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തീരുമാനം പക്ഷേ പാളിപ്പോയി. ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ജെമിമ റോഡ്രിഗസ് ഒഴികെയുള്ള ഡല്‍ഹി താരങ്ങള്‍ അമ്പേ നിരാശപ്പെടുത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മുബൈ ആധിപത്യം പുലര്‍ത്തി. 

41 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം ലാന്നിങ് 43 റണ്‍സ് കണ്ടെത്തി. മൂന്ന് ഫോറുകള്‍ സഹിതം 18 പന്തില്‍ 25 റണ്‍സെടുത്ത് ജെമിമയും തിളങ്ങി. രാധ യാദവ് പത്ത് റണ്‍സെടുത്തു. മറ്റൊരു താരവും രണ്ടക്കം കടന്നില്ല. ഡല്‍ഹിക്കായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് തിളങ്ങാന്‍ സാധിച്ചില്ല. താരം മൂന്ന് പന്തില്‍ പൂജ്യത്തിന് പുറത്തായി. 

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സൈക ഇസ്ഹാഖ്, ഇസി വോങ്, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് പൂജ വസ്ത്രാകര്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com