ലോക കിരീടം സമ്മാനിച്ച ​ഗ്ലൗസുകൾ ഇനി കാൻസർ ബാധിച്ച കുട്ടികളെ 'സേവ്' ചെയ്യും; ഹൃദയം കീഴടക്കി എമി

ലേലത്തിൽ ലഭിച്ച ഈ മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി താരം കൈമാറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: അർജന്റീനയുടെ ലോകകപ്പ് ഫുട്ബോൾ കിരീട നേട്ടത്തിൽ മെസിയോളം പങ്കു വഹിച്ച താരമാണ് അവരുടെ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ഫൈനലിലെ നിർണായക സേവടക്കം താരത്തിന്റെ മിന്നും പ്രകടനം ശ്രദ്ധേയമായിരുന്നു. ടൂർണമെന്റിലെ മികച്ച ​ഗോൾ കീപ്പർക്കുള്ള പുരസ്കാരവും ഫിഫ ദ ബെസ്റ്റിലെ മികച്ച ​ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമി സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ കാൻസർ ബാധിച്ച കുട്ടികൾക്ക് വലിയ സഹായവുമായി എത്തുകയാണ് അർജന്റൈൻ ​ഗോൾ കീപ്പർ. 

കാൻസർ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്കാണ് താരത്തിന്റെ ശ്രദ്ധേയ സംഭാവന. ഫ്രാൻസിനെതിരായ ഫൈനലിൽ താരം ഉപയോ​ഗിച്ച ​ഗോൾ കീപ്പിങ് ​ഗ്ലൗസുകൾ താരം ലേലത്തിന് വച്ചു. ഇതിൽ നിന്ന് ലഭിച്ച തുക താരം ആശുപത്രിക്ക് കൈമാറി. ലോക കിരീട സമ്മാനിക്കുന്നിൽ നിർണായകമായി മാറിയ ​ഗ്ലൗസുകൾ ലേലത്തിൽ പോയത് 45,000 ഡോളറിന് (ഏതാണ്ട് 36 ലക്ഷം രൂപ). ലേലത്തിൽ ലഭിച്ച ഈ മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി താരം കൈമാറി. 

അര്‍ജന്റീന പീഡിയാട്രിക്ക് ഫൗണ്ടേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ​ഗരാഹൻ ഹോസ്പിറ്റലിനാണ് തുക കൈമാറിയത്. ഓങ്കോളജി വിഭാ​ഗത്തിന്റെ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോ​ഗിക്കുക. കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതല്ല ലോകകപ്പ് നേടിയ ​ഗ്ലൗസുകളെന്ന് താരം ലേലത്തിന് ശേഷം പ്രതികരിച്ചു. 

ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുന്നതിലും ഷൗട്ടൗട്ടിൽ ടീമിനെ വിജയിപ്പിക്കുന്നതിലും താരത്തിന്റെ ​ഗ്ലൗസണിഞ്ഞ കരങ്ങൾ നിർണായകമായി. എക്സ്ട്രാ ടൈമിൽ മത്സരം 3-3 എന്ന സ്കോറിൽ നിൽക്കെ അവസാന നിമിഷങ്ങളിൽ ഫ്രഞ്ച് താരം കോലോ മുവാനിയുടെ ​ഗോളെന്നുറച്ച ഷോട്ട് താരം അത്ഭുതകരമായി തടഞ്ഞിരുന്നു. ആ ​ഗോൾ വഴങ്ങിയിരുന്നെങ്കിൽ ഫ്രാൻസ് വിജയിക്കുമായിരുന്നു. 

എമിയുടെ ആ ഒരൊറ്റ വണ്ടർ സേവാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടില്‍ എമിലിയാനോയുടെ തകര്‍പ്പന്‍ സേവുകൾ കളിയുടെ ​ഗതി തീരുമാനിച്ചു. ഒപ്പം അർജന്റീനയ്ക്ക് 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടമെന്ന നേട്ടവും. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു അര്‍ജന്റീനയുടെ വിജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com