ടി20 പോരില്‍ പിറന്നത് 515 റണ്‍സ്! അടിക്ക് തിരിച്ചടി, അതിവേഗ സെഞ്ച്വറി

ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഓപ്പണര്‍ ഉസ്മാന്‍ ഖാന്‍ നേടിയ അതിവേഗ സെഞ്ച്വറിയുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്
ഉസ്മാന്‍ ഖാന്‍/ ട്വിറ്റർ
ഉസ്മാന്‍ ഖാന്‍/ ട്വിറ്റർ

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഇന്നലെ നടന്ന പോരാട്ടം ടി20യുടെ ചരിത്രത്തിലേക്ക്. ഒറ്റ മത്സരത്തില്‍ പിറന്നത് 515 റണ്‍സ്! ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 20 ഓവറില്‍ അടിച്ചെടുത്തത് 262 റണ്‍സ്. മറുപടി അതേ നാണയത്തില്‍ കൊടുത്ത ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 253 റണ്‍സ്. ഒന്‍പത് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അവര്‍ മത്സരത്തില്‍ പൊരുതി വീഴുകയായിരുന്നു. ഒരു ടി20 പോരാട്ടത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് ആദ്യമായാണ് ഇത്രയും റണ്‍സ് അടിച്ചെടുക്കുന്നത്. 

അഞ്ച് ശ്രദ്ധേയ റെക്കോര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്. ആദ്യ പത്ത് ഓവറില്‍ ഒരു താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മത്സരം. ഉസ്മാന്‍ ഖാന്‍ പത്താം ഓവറില്‍ പുറത്താകുമ്പോഴേക്കും 120 റണ്‍സ് സ്വന്തമായി അടിച്ചെടുത്തിരുന്നു. 2013ലെ ഐപിഎല്ലില്‍ ക്രിസ് ഗെയ്ല്‍ നേടിയ 105 റണ്‍സാണ് വഴിമാറിയത്. 

ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍. ഈ മത്സരത്തില്‍ 33 സിക്‌സുകളാണ് ഇരു ടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത്. 

പിഎസ്എല്ലില്‍ ഒരു ബൗളര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതും ഈ പോരില്‍ തന്നെ. ക്വായിസ് അഹമദ് നാലോവറില്‍ വഴങ്ങിയത് 77 റണ്‍സ്. 

പിഎസ്എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. 36 പന്തില്‍ ഉസ്മാന്‍ ഖാന്‍ ശതകം തികച്ചു. രണ്ട് ടീമുകളും കൂടി 515 റണ്‍സ് അടിച്ചെടുക്കുന്നത് ടി20 ചരിത്രത്തില്‍ ആദ്യം. 

ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഓപ്പണര്‍ ഉസ്മാന്‍ ഖാന്‍ നേടിയ അതിവേഗ സെഞ്ച്വറിയുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. ഉസ്മാന്‍ ഖാന്‍ പിഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി അടിച്ചെടുത്തു. 36 പന്തില്‍ സെഞ്ച്വറി തികച്ച താരം ആകെ 43 പന്തില്‍ ഒന്‍പത് സിക്‌സും 12 ഫോറും സഹിതം 120 റണ്‍സെടുത്താണ് മടങ്ങിയത്. 

ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 29 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സെടുത്തു. മൂന്നാമനായി എത്തിയ റിലീ റുസോ ഒന്‍പത് പന്തില്‍ 15 റണ്‍സുമായി പുറത്തായെങ്കിലും നാലും അഞ്ചും സ്ഥാനങ്ങളില്‍ ബാറ്റ് വീശിയ ടിം ഡേവിഡും കെയ്‌റോണ്‍ പൊള്ളാര്‍ഡും ടോപ് ഗിയറില്‍ തന്നെ ബാറ്റ് വീശിയതോടെ കൂറ്റന്‍ സ്‌കോറിലേക്ക് സുല്‍ത്താന്‍സ് എത്തി. 

ഡേവിഡ് 25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 43 റണ്‍സെടുത്തു. പൊള്ളാര്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്താകാതെ നിന്നു. 

സുല്‍ത്താന്‍സിന് നഷ്ടമായ മൂന്നില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് ക്വായിസ് അഹമദാണ്. പക്ഷേ താരം ധാരളിയായി. നാലോവറില്‍ 77 റണ്‍സാണ് താരം വഴങ്ങിയത്. പന്തെടുത്ത ക്വെറ്റയുടെ എല്ലാ ബൗളര്‍മാരും ശരിക്കും തല്ലു വാങ്ങി. 

മറുപടി പറയാനിറങ്ങിയ ക്വെറ്റ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് അവര്‍ തിരിച്ചടിച്ചു. തുടക്കത്തില്‍ തന്നെ ജാസന്‍ റോയ് ആറ് റണ്‍സുമായി മടങ്ങിയെങ്കിലും പിന്നീടെത്തിയ ഒമെയ്ര്‍ യൂസുഫ്, മധ്യനിരയില്‍ ഇഫ്തിഖര്‍ അഹമദ്, ഉമര്‍ അക്മല്‍ എന്നിവര്‍ ആഞ്ഞു ശ്രമിച്ചു. 

36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 67 റണ്‍സാണ് ഒമെയ്ര്‍ യൂസുഫ് അടിച്ചെടുത്തത്. 31 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 53 റണ്‍സാണ് ഇഫ്തിഖര്‍ കണ്ടെത്തിയത്. ഉമര്‍ അക്മല്‍ പത്ത് പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സും കണ്ടെത്തി. 

ക്യാപ്റ്റന്‍ മുഹമ്മദ് നവാസ് ഏഴ് പന്തില്‍ 16 റണ്‍സെടുത്തു. ക്വായിസ് അഹമദ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഏഴ് പന്തില്‍ 17 വീതം റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കില്‍ വിജയത്തിന് സമീപത്ത് അവരുടെ പോരാട്ടം അവസാനിച്ചു. 

സുല്‍ത്താന്‍സിനായി അബ്ബാസ് അഫ്രീദി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാനുല്ലാഹ് രണ്ട് വിക്കറ്റും അന്‍വര്‍ അലി ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com