

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകുമ്പോള്‍ വിരാട് കോഹ് ലിയെ കാത്ത് ചില ബാറ്റിങ് റെക്കോര്‍ഡുകള്‍. ടെസ്റ്റ് പരമ്പര വിജയവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഉറപ്പിച്ചാണ് ഇന്ത്യ ഓസീസിനെ പരിമിത ഓവര്‍ പോരില്‍ നേരിടാനിറങ്ങുന്നത്. നാളെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഒന്നാം ഏകദിനം.
നിലവില്‍ മികച്ച ഫോമിലാണ് കോഹ്‌ലി. നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടെസ്റ്റിലെ മൂന്ന് വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് കോഹ്‌ലി എത്തുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും സെഞ്ച്വറി നേടാനും കോഹ്‌ലിക്ക് കഴിഞ്ഞിരുന്നു.
പരമ്പരയില്‍ മൂന്ന് നേട്ടങ്ങളാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ അഞ്ചാമത്തെ മാത്രം ബാറ്റര്‍ എന്ന നേട്ടമാണ് അതിലൊന്ന്. 13,000 റണ്‍സിലെത്താന്‍ താരത്തില്‍ 191 റണ്‍സ് മതി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (18,426), കുമാര്‍ സംഗക്കാര (14,234), റിക്കി പോണ്ടിങ് (13,704), സനത് ജയസൂര്യ (13,430) എന്നിവരാണ് കോഹ്‌ലിക്ക് മുന്‍പ് നേട്ടം തൊട്ടവര്‍.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോഹ്‌ലിക്ക് മൂന്ന് സെഞ്ച്വറികള്‍ മാത്രമേ ആവശ്യമുള്ളു. 49 സെഞ്ച്വറികളാണ് സച്ചിനുള്ളത്. ഏകദിനത്തിലും മോശം ഫോമിലായിരുന്ന കോഹ്‌ലി ശക്തമായ തിരിച്ചു വരവാണ് കഴിഞ്ഞ നാല് മാസത്തിനിടെ നടത്തിയത്. ഇക്കാലയളവില്‍ താരം മൂന്ന് സെഞ്ച്വറികള്‍ നേടിയാണ് മികവിലേക്ക് തിരിച്ചെത്തിയത്.
ഏകദിനത്തില്‍ സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടം നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. രണ്ടാം സ്ഥാനത്ത് റിക്കി പോണ്ടിങ് നില്‍ക്കുന്നു. തൊട്ടു പിന്നില്‍ കോഹ്‌ലിയുണ്ട്. ഈ പരമ്പരയിലെ പോണ്ടിങിനെ പിന്തള്ളി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള അവസരവും കോഹ്‌ലിക്കുണ്ട്.
6,976 റണ്‍സാണ് ഹോം ഗ്രൗണ്ടില്‍ സച്ചിന്റെ സമ്പാദ്യം. പോണ്ടിങ് 5,406 റണ്‍സും കോഹ്‌ലി 5,358 റണ്‍സുമാണ് നേടിയിട്ടുള്ളത്. നാലാം സ്ഥാനത്ത് ജാക്വിസ് കാലിസാണ്. താരം 5,178 റണ്‍സാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചാം സ്ഥാനത്ത് കുമാര്‍ സംഗക്കാര. താരം 4,724 റണ്‍സുകള്‍ അടിച്ചെടുത്തു.
ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. ഒന്‍പത് സെഞ്ച്വറികള്‍. എട്ട് സെഞ്ച്വറികളുമായി കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തൊട്ടു പിന്നിലുണ്ട്. ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇരുവര്‍ക്കും പരമ്പരയില്‍ അവസരമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates