'വേ​ഗം തിരിച്ചെത്തു, കളത്തിന് പുറത്തെങ്കിലും നിൽക്കു'- പന്തിന് ഹൃദയം തൊടും സന്ദേശവുമായി വാര്‍ണര്‍ (വീഡിയോ)

കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി നിലവില്‍ വിശ്രമിക്കുകയാണ് പന്ത്. താരത്തിന് ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഋഷഭ് പന്തിന്റെ അഭാവത്തില്‍ വരുന്ന ഐപിഎല്ലില്‍ ടീമിന് വലിയ ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാനുണ്ടെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. പന്തിന്റെ അഭാവത്തില്‍ ഈ സീസണില്‍ വാര്‍ണറാണ് ഡല്‍ഹിയെ നയിക്കുന്നത്. അക്ഷര്‍ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 

കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി നിലവില്‍ വിശ്രമിക്കുകയാണ് പന്ത്. താരത്തിന് ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തിന് പിന്തുണയറിച്ചുള്ള വീഡിയോയിലാണ് വാര്‍ണര്‍ ടീമിന്റെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് കാര്യങ്ങള്‍ പറഞ്ഞത്. 

'എല്ലാ സീസണിലും പ്രചോദിതരായാണ് ടീം ഇറങ്ങാറുള്ളത്. ഇത്തവണ താങ്കളുടെ അഭാവത്തില്‍ കിരീടം ഉയര്‍ത്തുക എന്നതും ടീമിന്റെ വലിയ ലക്ഷ്യമാണ്. താങ്കളുടെ തിരിച്ചു വരവിന്റെ പാതയില്‍ ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. സവിശേഷമായ ചില സന്ദേശങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അയക്കും. ടീമിന്റെ ഒരു മത്സരത്തിലെങ്കിലും നിങ്ങളുടെ നേരിട്ടുള്ള സാന്നിധ്യവും കളത്തിന് പുറത്ത് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഡല്‍ഹി കുടുംബാംഗമെന്ന നിലയില്‍ എത്രയും പെട്ടെന്ന് താങ്കള്‍ക്ക് കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.' 

'അക്ഷര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റനാക്കിയതിലും ഡല്‍ഹി ക്യാപ്റ്റനായി എന്നെ തിരഞ്ഞെടുത്തതിലും അഭിമാനമുണ്ട്. വലിയ ലക്ഷ്യങ്ങളാണ് ഞങ്ങള്‍ മുന്നില്‍ കാണുന്നത്'- വാര്‍ണര്‍ പറഞ്ഞു.

2009ല്‍ ആദ്യമായി വാര്‍ണര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് (അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിക്കുന്നത്. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായി അവര്‍ക്ക് ഐപിഎല്‍ കിരീടം സമ്മാനിച്ചു. ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് വാര്‍ണര്‍ വീണ്ടും ഡല്‍ഹി ക്യാമ്പിലെത്തിയത്. ഇത്തവണ പന്തിന് പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനവും. ഏപ്രില്‍ ഒന്നിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായാണ് ഡല്‍ഹിയുടെ സീസണിലെ ആദ്യ പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com